ഹൈദരാബാദ് : മദ്യലഹരിയിലുള്ള സ്ത്രീ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചത് മൂലം ഹൈദരാബാദിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ശങ്കർപള്ളിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള റെയിൽവേ ട്രാക്കിലൂടെ ആണ് സ്ത്രീ കാർ ഓടിച്ചു കൊണ്ട് പോയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും കാറിനു പിന്നാലെ പാഞ്ഞു. ഒടുവിൽ സമീപത്തെ ഒരു മരത്തിൽ ഇടിച്ചാണ് കാർ നിന്നത്.
ഏറെ ബുദ്ധിമുട്ടിയാണ് റെയിൽവേ ജീവനക്കാർ കാറിനെ ട്രാക്കിൽ നിന്നും ഒഴിവാക്കിയത്. ഈ സംഭവം ഏറെ നേരത്തേക്ക് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ട്രെയിൻ യാത്രക്കാരായ ആയിരക്കണക്കിനാളുകളുടെ ജീവൻ പോലും അപകടത്തിൽ ആക്കുന്ന പ്രവൃത്തിയാണ് മദ്യലഹരിയിൽ സ്ത്രീ ചെയ്തത്. ഒരു കിയ സോണെറ്റ് കാർ റെയിൽവേ ട്രാക്കിലൂടെ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയും കാറിനെ പിന്തുടർന്ന് പിടികൂടുകയും ആയിരുന്നു.
കാർ ട്രാക്കിന് സമീപത്തെ മരത്തിൽ ഇടിച്ച് പാതിയോളം തകർന്ന ശേഷമാണ് സ്ത്രീ ഈ സാഹസിക കൃത്യം അവസാനിപ്പിച്ചത്. ആക്രമണകരമായി പെരുമാറിയ സ്ത്രീയെ കാറിൽ നിന്നും പുറത്തിറക്കാനായി ഏതാണ്ട് ഇരുപതോളം പേർ വേണ്ടിവന്നു. തുടർന്ന് പോലീസ് എത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയിൽ ഇവർ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. സംഭവത്തെത്തുടർന്ന് ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി തടസ്സപ്പെട്ടു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി റെയിൽവേ പോലീസ് വ്യക്തമാക്കി.
Discussion about this post