ബീജിങ് : ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് പിന്നാലെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ-ചൈനീസ് പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച നടന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. ബന്ധത്തിൽ നിലവിലുള്ള പോസിറ്റീവ് ആക്കം നിലനിർത്തുന്നതിനും പുതിയ സങ്കീർണതകൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിനും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള വിഷയങ്ങളിൽ ക്രിയാത്മകവും ഭാവിയിലേക്കുള്ളതുമായ കാഴ്ചപ്പാടുകൾ പരസ്പരം കൈമാറിയതായി രാജ്‌നാഥ് സിംഗ് എക്സിൽ പങ്കുവെച്ച് പോസ്റ്റിൽ വ്യക്തമാക്കി. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചൈനീസ് പ്രതിരോധ മന്ത്രിയുമായി മികച്ച പോസിറ്റീവ് കൂടിക്കാഴ്ച ആയിരുന്നു നടന്നതെന്ന് രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഔദ്യോഗിക സമ്മാനമായി അദ്ദേഹത്തിന് ഒരു മധുബാനി പെയിന്റിങും ഇന്ത്യൻ പ്രതിരോധ മന്ത്രി സമർപ്പിച്ചു. ‘ട്രീ ഓഫ് ലൈഫ്’ എന്ന പേരിലുള്ള ഈ പരമ്പരാഗത മധുബാനി പെയിന്റിങ് സാംസ്കാരിക സൗഹാർദ്ദത്തിന്റെ അടയാളമായി വിശേഷിപ്പിക്കപ്പെടുന്നു. ബീഹാറിലെ മിഥില മേഖലയിൽ നിന്ന് ഉത്ഭവിച്ച ഈ കലാസൃഷ്ടി ജ്ഞാനത്തെയും ചൈതന്യത്തെയും പ്രതീകപ്പെടുത്തുന്നതാണ്.
Discussion about this post