വാഷിംഗ്ടൺ : കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിച്ചതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡ വളരെ ബുദ്ധിമുട്ടുള്ള രാജ്യമാണെന്നും അവരുമായി ഒരു ചർച്ചയ്ക്കും ഇനിയില്ല എന്നും ട്രംപ് പ്രതികരിച്ചു. കാനഡയ്ക്കെതിരെയുള്ള താരിഫ് വർദ്ധിപ്പിക്കും എന്നും അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ പുതിയ താരിഫിനെ കുറിച്ച് അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ സാങ്കേതിക സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ സേവന നികുതി ചുമത്താനുള്ള കാനഡയുടെ തീരുമാനം ആണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. ആമസോൺ, മെറ്റ, ആൽഫബെറ്റിന്റെ ഗൂഗിൾ , ആപ്പിൾ തുടങ്ങിയ യുഎസ് ടെക് ഭീമന്മാർ സൃഷ്ടിക്കുന്ന ഡിജിറ്റൽ വരുമാനത്തിന് 3 ശതമാനം നികുതി ഏർപ്പെടുത്തുമെന്നാണ് കാനഡ വ്യക്തമാക്കിയിട്ടുള്ളത്. കനേഡിയൻ ഡോളറായ 20 മില്യണിൽ കൂടുതലുള്ള വരുമാനത്തിന് ലെവി ബാധകമായിരിക്കും. കൂടാതെ ഈ തീരുമാനത്തിന് 2022 മുതൽ മുൻകാല പ്രാബല്യവും ഉണ്ടായിരിക്കും എന്നും കനേഡിയൻ സർക്കാർ വ്യക്തമാക്കിയിരുന്നു.
കാനഡയുടെ ഈ തീരുമാനം അമേരിക്കയ്ക്ക് എതിരായ പ്രത്യക്ഷവും നഗ്നവുമായ ആക്രമണമാണ് എന്ന് ട്രംപ് വിശേഷിപ്പിച്ചു. “ഈ അതിരുകടന്ന നികുതിയുടെ അടിസ്ഥാനത്തിൽ, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളും ഞങ്ങൾ ഇതിനാൽ അവസാനിപ്പിക്കുന്നു, ഇത് ഉടനടി പ്രാബല്യത്തിൽ വരും. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ അമേരിക്കയുമായി ബിസിനസ്സ് ചെയ്യുന്നതിന് കാനഡ അടയ്ക്കേണ്ടുന്ന താരിഫ് ഞങ്ങൾ അവരെ അറിയിക്കും.” എന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി.
Discussion about this post