ന്യൂഡൽഹി : ജൈന ആത്മീയ നേതാവും സാമൂഹിക പരിഷ്കർത്താവുമായ ആചാര്യ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ന്യൂഡൽഹിയിൽ തുടക്കമായി. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ധർമ്മ ചക്രവർത്തി’ പദവി നൽകി ആദരിച്ചു. ജൂൺ 28 ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് വിദ്യാനന്ദ് ജി മഹാരാജിന്റെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ദേശീയ ആദരാഞ്ജലിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു.
“ഈ അവസരത്തിൽ, നിങ്ങൾ എന്നെ ‘ധർമ്മ ചക്രവർത്തി’ എന്ന പദവി നൽകി ആദരിച്ചു. ഞാൻ ഇതിന് യോഗ്യനാണെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ സന്യാസിമാരിൽ നിന്ന് നമുക്ക് എന്ത് ലഭിച്ചാലും അത് ‘പ്രസാദമായി’ സ്വീകരിക്കുക എന്നതാണ് നമ്മുടെ സംസ്കാരം. അതിനാൽ, ഞാൻ ഈ ‘പ്രസാദ്’ താഴ്മയോടെ സ്വീകരിച്ച് മാ ഭാരതിക്ക് സമർപ്പിക്കുന്നു,” എന്നായിരുന്നു ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞത്. 1987-ൽ ഇതേ ദിവസമാണ് ആചാര്യ വിദ്യാനന്ദ് ജിക്ക് തന്റെ പദവി ലഭിച്ചത്.
ഭഗവാൻ മഹാവീർ അഹിംസ ഭാരതി ട്രസ്റ്റുമായി സഹകരിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ആചാര്യ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളം സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ, ആത്മീയ സംരംഭങ്ങളുടെ ഒരു പരമ്പര സംഘടിപ്പിക്കാനാണ് സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. ആചാര്യ വിദ്യാനന്ദ് ജി മഹാരാജിന്റെ ശ്രദ്ധേയമായ ജീവിതത്തെയും പൈതൃകത്തെയും അനുസ്മരിക്കുന്നതിനൊപ്പം സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ഈ പരിപാടികളുടെ ലക്ഷ്യം.
ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തിൽ വലിയ സ്ഥാനമുള്ള വ്യക്തിയാണ് ജൈന സന്യാസിയായ ആചാര്യ വിദ്യാനന്ദ് ജി മഹാരാജ്. ജൈന തത്ത്വചിന്തയെയും ധാർമ്മികതയെയും കുറിച്ചുള്ള 50-ലധികം കൃതികളുടെ രചയിതാവാണ് വിദ്യാനന്ദ് ജി. ഇന്ത്യയിലുടനീളമുള്ള പുരാതന ജൈന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനും അദ്ദേഹം വലിയതോതിലുള്ള സംഭാവനകൾ നൽകിയിട്ടുണ്ട്.
Discussion about this post