ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റ് നാല് രാജ്യങ്ങൾ കൂടി സന്ദർശിക്കും. ബ്രസീലിന് പുറമെ അർജന്റീന, ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നമീബിയ രാജ്യങ്ങൾ ആയിരിക്കും പ്രധാനമന്ത്രി സന്ദർശിക്കുക. ജൂലൈ 6, 7 തീയതികളിൽ ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോയിൽ വെച്ചാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.
ഇന്ത്യയുടെ ആഗോള നയതന്ത്രം പുതിയ തലത്തിലേക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി 5 രാജ്യങ്ങൾ സന്ദർശിക്കുന്നത്. ബ്രിക്സ് ഉച്ചകോടിക്ക് ബ്രസീലിൽ എത്തുന്നതിനു മുൻപായിട്ടാണ് പ്രധാനമന്ത്രി ഘാനയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും അർജന്റീനയും സന്ദർശിക്കുക. തുടർന്ന് ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം നമീബിയയും സന്ദർശിക്കും. ജൂലൈ 2–3 തീയതികളിലാണ് മോദിയുടെ ഘാന സന്ദർശനം. ആദ്യമായാണ് പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്. 30 വർഷത്തിനുശേഷം ഇന്ത്യയും ഘാനയും തമ്മിലുള്ള ആദ്യ പ്രധാനമന്ത്രി തല സന്ദർശനം കൂടിയാണിത്.
ജൂലൈ 3–4 തീയതികളിൽ മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശിക്കും. 1999 ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈ രാജ്യത്ത് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, സമുദ്ര സഹകരണം എന്നിവ ശക്തിപ്പെടുത്തും. ജൂലൈ 4–5 തീയതികളിലാണ് പ്രധാനമന്ത്രിയുടെ അർജന്റീന സന്ദർശനം. കൃഷി, സുരക്ഷ, ഖനനം, പുനരുപയോഗ ഊർജ്ജം, പ്രതിരോധ ഉപകരണങ്ങൾ എന്നീ മേഖലകളിലെ പങ്കാളിത്തമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർജന്റീന സന്ദർശന വേളയിലെ പ്രധാന അജണ്ട. ജൂലൈ 5–8 തീയതികളിൽ മോദി ബ്രസീലിൽ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും. ജൂലൈ 9 ന് പ്രധാനമന്ത്രി നമീബിയ സന്ദർശിക്കും. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് നമീബിയ സന്ദർശിക്കുന്നത്. അതിനാൽ തന്നെ നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യാനായി രാജ്യം ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്.
Discussion about this post