ടെഹ്റാൻ : അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള എല്ലാ സഹകരണവും ഉടനടി അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി ഇറാൻ. ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ ആണ് ഐഎഇഎയുമായുള്ള സഹകരണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾ ആണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം നിർത്താൻ ഇറാനെ പ്രേരിപ്പിച്ചിരിക്കുന്നത്.
ആണവായുധ നിര്‍വ്യാപന കരാറും (NPT) അതിന്റെ സുരക്ഷാ കരാറും പ്രകാരമുള്ള സഹകരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമാക്കുന്ന ബില്‍ ഇറാന്‍ പാര്‍ലമെന്റ് പാസാക്കി. നിയമനിർമ്മാണ പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയ രാജ്യങ്ങളുടെ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച ശേഷമാണ് ബിൽ പാർലമെന്റ് പാസാക്കിയത്. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ആണ് ഉത്തരവ് നടപ്പിലാക്കുന്നത്.
ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങൾക്ക് കാരണമായത് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ “നിശബ്ദത” ആണെന്ന് കഴിഞ്ഞദിവസം ഇറാൻ വിശേഷിപ്പിച്ചിരുന്നു. ഇറാൻ ആണവ ബാധ്യതകൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജൂൺ 12 ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി ഒരു പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയത്.
Discussion about this post