ഫോർബ്സ് റിയൽ-ടൈം ബില്യണയർ ലിസ്റ്റ് പ്രകാരം ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി മാറിയിരിക്കുകയാണ് 38 കാരനായ വാങ് നിങ്. ചൈനയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ പത്താം സ്ഥാനത്താണ് ഇപ്പോൾ അദ്ദേഹം ഉള്ളത്. എന്നാൽ ഏറ്റവും അത്ഭുതകരമായ കാര്യം, ഒരൊറ്റ വർഷം കൊണ്ടാണ് ചൈനയിലെ പത്താമത്തെ ധനികനായി വാങ് നിങ് മാറിയത് എന്നുള്ളതാണ്. വാങ് നിങിനെ കോടീശ്വരൻ ആക്കി മാറ്റിയത് ഒരു പാവയാണ്. ഇന്ന് ആഗോളതലത്തിൽ തന്നെ ഏറ്റവും ട്രെൻഡിങ് ആയ ലബുബു പാവകളുടെ നിർമ്മാതാവാണ് വാങ് നിങ്.
ഏഷ്യ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെല്ലാം ഇന്ന് ലബുബു പാവകൾക്ക് വൻ ഡിമാൻഡ് ആണ് ഉള്ളത്. എത്ര ഉയർന്ന വിലകൊടുത്തും ഈ പാവ ഒരെണ്ണം സ്വന്തമാക്കാൻ ആളുകൾ തമ്മിൽ മത്സരമാണ്. ഹോങ്കോങ്ങിലെ കലാകാരനായ കാസിംഗ് ലുങ് തന്റെ ‘ദി മോൺസ്റ്റേഴ്‌സ്’ എന്ന ചിത്രീകരണ പരമ്പരയുടെ ഭാഗമായിട സൃഷ്ടിച്ച ഒരു കഥാപാത്രമായിരുന്നു ലബുബു. വാങ് നിങ്ങിന്റെ കമ്പനിയായ പോപ്പ് മാർട്ട് ആ കഥാപാത്രത്തിന് ജീവൻ നൽകി കണ്ടാൽ കൗതുകം തോന്നുന്ന ഒരു പാവയാക്കി വിപണിയിൽ എത്തിച്ചു. വിടർന്ന കണ്ണുകളും കൂർത്ത ചെവികളുമുള്ള വിചിത്ര രൂപമുള്ള ലബുബു പാവയ്ക്ക് ലോകതലത്തിൽ തന്നെ ഇത്രയേറെ ശ്രദ്ധ കിട്ടാൻ കാരണമായത് കൊറിയൻ പോപ് താരമായ ലിസ ആയിരുന്നു.
2024-ലാണ് ബ്ലാക്ക്‌പിങ്കിലെ കെ-പോപ്പ് താരം ലിസ ലബുബുവിനോടുള്ള തന്റെ ഇഷ്ടം പരസ്യമായി പ്രകടിപ്പിച്ചത്. വാനിറ്റി ഫെയർ അഭിമുഖത്തിൽ ലിസ ഒരു ലബുബു പാവയുമായി പ്രത്യക്ഷപ്പെട്ടു. ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമായ ലിസയുടെ ഈ വീഡിയോക്കൊപ്പം ലബുബു പാവകളും ലോകശ്രദ്ധ നേടി. താമസിയാതെ കിം കർദാഷിയാൻ , റിഹാന, ദുവ ലിപ തുടങ്ങിയ സെലിബ്രിറ്റികളും ലബുബു പാവകളോടൊപ്പം ഉള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഇതോടെ അന്താരാഷ്ട്ര തലത്തിൽ ലബുബു പാവകൾക്ക് വലിയ ഡിമാൻഡ് ആയി മാറി.
പോപ്പ് മാർട്ട് നോർത്ത് അമേരിക്കയുടെ ലൈസൻസിംഗ് മേധാവി എമിലി ബ്രോയുടെ അഭിപ്രായത്തിൽ, 2024 ൽ മാത്രം ഈ കളിപ്പാട്ടം 419 മില്യൺ ഡോളറിലധികം വരുമാനം നേടി. ഒരു വർഷം കൊണ്ട് 726 ശതമാനം വർദ്ധനവാണ് ഇതിലൂടെ നേടിയത്. ബീജിംഗിൽ നടന്ന ലേലത്തിൽ ഒരു ലൈഫ് സൈസ് ലബുബു പാവയ്ക്ക് 1.08 മില്യൺ യുവാൻ (ഏകദേശം $150,275) വില ലഭിച്ചതോടെ അതിന്റെ ജനപ്രീതി കൂടുതൽ ഉയർന്നു. പാവയുടെ ഈ ജനപ്രീതിയാണ് വാങിനെ ചൈനയിലെ പത്താമത്തെ ധനികനും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ധനികനുമായ വ്യക്തിയാക്കി മാറ്റിയത്.
Discussion about this post