പാകിസ്താനിലെമൂന്ന് സൈനിക ഉദ്യോഗസ്ഥർ രഹസ്യമായി ബംഗ്ലാദേശിലേക്ക് യാത്ര ചെയ്തതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിലെ റോഹിംഗ്യൻ സായുധ ഗ്രൂപ്പുകളെ കാണാൻ ആഴ്ചകൾക്ക് മുമ്പ് ആണ് പാക് ഉന്നത സൈനിക ഉദ്യോഗസ്ഥർ ബംഗ്ലാദേശിലെത്തിയത്. പാക് സൈനിക ഉദ്യോഗസ്ഥരുടെ സന്ദർശനം സന്ദർശനം ബംഗ്ലാദേശ് രഹസ്യമാക്കി വച്ചിരുന്നു, മുഹമ്മദ് യൂനുസ് ഭരണകൂടം അവരുടെ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത വൃത്തങ്ങൾ പറയുന്നതെന്നാണ് ദേശീയമാദ്ധ്യമങ്ങളിൽ ചിലത് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുൾപ്പെടെ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, ഈ സംഭവവികാസങ്ങൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
പാക് സൈന്യത്തിലെ ഉദ്യോഗസ്ഥരായ നദീം അഹമ്മദ്, മുഹമ്മദ് തല, സൗദ് അഹമ്മദ് റാവു എന്നീ മൂന്ന് പേർ ആഴ്ചകൾക്ക് മുമ്പ് നൽകിയ പുതിയ പാസ്പോർട്ടുകൾ ഉപയോഗിച്ചാണ് ബംഗ്ലാദേശിലേക്ക് പോയത്. റോഹിംഗ്യൻ അഭയാർത്ഥി വാസസ്ഥലങ്ങളിൽ നിന്ന് ഏതാനും മൈലുകൾ അകലെയുള്ള കോക്‌സ് ബസാറിലെ രാമു സൈനിക ക്യാമ്പിലേക്ക് പാക് സൈനിക ഉദ്യോഗസ്ഥർ നടത്തിയ സന്ദർശനമാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ആശങ്കയിലാഴ്ത്തിയത്. റോഹിംഗ്യൻ തീവ്രവാദികളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള പാക് ചാര ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ സന്ദർശനമെന്നാണ് വിവരം.
മേഖലയെ അസ്ഥിരപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമായി തീവ്രവാദികളെ വീണ്ടും സംഘടിപ്പിക്കാൻ ഐഎസ്ഐ സഹായിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിഴൽ യുദ്ധത്തിലൂടെ ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താനുള്ള വലിയ പദ്ധതിയുടെ ഭാഗമാകാം ഉദ്യോഗസ്ഥരുടെ സാന്നിധ്യമെന്നും റിപ്പോർട്ടുകളുണ്ട്.
ഷെയ്ഖ് ഹസീനയുടെയും അവാമി ലീഗ് പാർട്ടിയുടെയും പതനത്തിന് പിന്നാലെ ജമാഅത്തെ ഇസ്ലാമി, ചൈനയുടെയും ഐഎസ്ഐയുടെയും സഹായത്തോടെ രാജ്യത്തെ തീവ്രവാദവൽക്കരിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്ത് സ്വാധീന മേഖല വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വടക്കുകിഴക്കൻ ഇന്ത്യയിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഐഎസ്ഐ ബംഗ്ലാദേശിൽ പുതിയ പ്രവർത്തന കേന്ദ്രങ്ങൾ സ്ഥാപിച്ചു. പാകിസ്താനുമായും ബംഗ്ലാദേശുമായും ഇന്ത്യയുടെ നയതന്ത്ര ബന്ധം ഏറ്റവും താഴ്ന്ന നിലയിൽ തുടരുന്ന സമയത്താണ് ഈ സംഭവവികാസം.ഔദ്യോഗിക സൈനിക യൂണിഫോം ധരിച്ചാണ് മൂന്ന് പാക് സൈനിക ഉദ്യോഗസ്ഥരും ബംഗ്ലാദേശ് സന്ദർശിച്ചതത്രേ. എന്നാൽ സന്ദർശനത്തിനായി ആഴ്ചകൾക്ക് മുമ്പ് നൽകിയ പുതിയ പാസ്പോർട്ടുകളാണ് ഉപയോഗിച്ചത്. പാകിസ്താന്റെ ഐഎസ്ഐയുമായും ലഷ്‌കർ-ഇ-തൊയ്ബ ഭീകര കേന്ദ്രവുമായും ഈ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ സംശയിക്കുന്നു.
Discussion about this post