ഗാന്ധിനഗർ : പഞ്ചായത്ത് പ്രസിഡണ്ടിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ ചൈതർ വാസവ അറസ്റ്റിൽ. നർമ്മദ ജില്ലയിലെ ദേഡിയപദയിൽ ഒരു താലൂക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നടന്ന കൊലപാതകശ്രമത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശം വെച്ച് എഎപി എംഎൽഎ ആക്രമിച്ചു എന്നാണ് എഫ്ഐആറിൽ സൂചിപ്പിക്കുന്നത്.
താലൂക്ക് ഏകോപന സമിതിയുടെ അംഗമായി എംഎൽഎ നിർദ്ദേശിച്ച വ്യക്തിയെ നിയമിച്ചില്ല എന്നുള്ളതാണ് താലൂക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരായ ആക്രമണത്തിന് കാരണം. വനിതാ താലൂക്ക് പ്രസിഡണ്ടിനെ അധിക്ഷേപിക്കുന്ന രീതിയിൽ പെരുമാറി എന്നും ആം ആദ്മി പാർട്ടി എംഎൽഎ ക്കെതിരെ പരാതിയുണ്ട്.
ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 109 (കൊലപാതകശ്രമം), 79 (വാക്കുകളിലൂടെയും ആംഗ്യങ്ങളിലൂടെയും ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ), 115 (2) (സ്വമേധയാ മുറിവേൽപ്പിക്കൽ), 351 (3) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (മനപ്പൂർവ്വം അപമാനിക്കൽ), 324 (3) (സ്വത്തിന് കേടുപാടുകൾ വരുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം ദെഡിയപാഡ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിന് തൊട്ടുപിന്നാലെ, ആം ആദ്മി പാർട്ടി നേതാക്കൾ എംഎൽഎയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘർഷത്തെ തുടർന്ന് ദെഡിയപദയിൽ സെക്ഷൻ 144 ഏർപ്പെടുത്തിയിരിക്കുകയാണ്.
Discussion about this post