കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താനായി കേന്ദ്രസംഘം സംസ്ഥാനത്തെത്തും. നാഷണൽ ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളിൽ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കേരളത്തിന് എല്ലാ വിധ സഹായങ്ങളും നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആരോഗ്യനില മോശമായതിനെ തുടർന്ന് യുവതിയെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ജൂൺ 25നായിരുന്നു നിപ രോഗലക്ഷണങ്ങളെ തുടർന്ന് 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേരുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേർ ഐസിയു ചികിത്സയിലുണ്ട്.
സമ്പർക്കപ്പട്ടികയിലുള്ള ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവർത്തകർ സമ്പർക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയിൽ സമ്പർക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവർത്തകരാണ്.
Discussion about this post