തിരുവനന്തപുരം : കെഎസ്ആർടിസി സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നാളെ കെഎസ്ആർടിസി സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു. തൊഴിലാളി സംഘടനകൾ ഒന്നും നോട്ടീസ് നൽകിയിട്ടില്ല എന്നതിനാലാണ് ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല എന്ന് ഗതാഗത മന്ത്രി അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ നിലവിലുള്ള കെഎസ്ആർടിസി ജീവനക്കാരെല്ലാം സന്തുഷ്ടരാണെന്നും കെ ബി ഗണേഷ് കുമാർ സൂചിപ്പിച്ചു. ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പരിഹരിച്ചു മുന്നോട്ടു പോകും. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആർടിസി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ല. അതിനാൽ തന്നെ നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ന് കേരളത്തിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്കിൽ ജനജീവിതം സ്തംഭിച്ചു. വിദ്യാർത്ഥി കൺസെഷൻ വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതിയാണ് പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞദിവസം ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സ്വകാര്യ ബസ്സുടമകൾ ഇന്ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. പരിഹാരമില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.
Discussion about this post