ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി.2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ട്. 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല എന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ഈശ്വരനാണ് ഹിന്ദു കുടുംബത്തിലെ പൂർവ്വിക സ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് സുപ്രധാന ഉത്തരവിറക്കിയത്.
2005ൽ അച്ഛൻ മരണപ്പെട്ട ശേഷം വിഭജിക്കപ്പെടാത്ത കുടുംബസ്വത്തിൽ അവകാശം തേടി മകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ തീരുമാനം. ഹിന്ദു പിന്തുടർച്ചാവകാശ(ഭേദഗതി) നിയമം അനുസരിച്ചാണ് പൂർവ്വിക സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് കോടതി വിധി എഴുതിയത്.ഈ അവകാശങ്ങൾ നിഷേധിക്കുന്ന 1975 ലെ കേരള ഹിന്ദു കൂട്ടുകുടുംബ സമ്പ്രദായ(നിരോധന) നിയമത്തിലെ വ്യവസ്ഥകൾ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും അതിനാൽ അത് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
2004 ഡിസംബർ 20നോ അതിനുശേഷമോ പിതാവ് മരിച്ചാൽ, ആൺമക്കളെപ്പോലെ തന്നെ പെൺമക്കൾക്കും ജന്മനാ സ്വത്ത് അവകാശങ്ങൾ ലഭിക്കുമെന്ന് കോടതി നിരീക്ഷിച്ചു. 2020ലെ സുപ്രീംകോടതി നിയമം പരാമർശിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കുടുംബസ്വത്തിൽ ഹിന്ദു കുടുംബങ്ങളിലെ സ്ത്രീകളുടെ അനന്തരാവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം വിഭജിക്കപ്പെടാത്ത സ്വത്തിന്റെ പിന്തുടർച്ചയുമായി ബന്ധപ്പെട്ട അവ്യക്തതയും ഈ വിധി പാടെ മാറ്റുന്നു.
Discussion about this post