ലഖ്‌നൗ : ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് പ്രണയത്തിൽപെടുത്തി മതം മാറ്റാൻ ചങ്കൂർ ബാബയും കൂട്ടാളികളും ആർഎസ്എസിന്റെയും മോദിയുടെയും പേരുകൾ ഉപയോഗിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ആർഎസ്എസുമായി ബന്ധമുണ്ടെന്ന് കാണിക്കാൻ ഒരു വ്യാജ സംഘടന തന്നെ ഇവർ സൃഷ്ടിച്ചിരുന്നു. ‘ഭാരത് പ്രതികർത്ത് സേവാ സംഘ്’ എന്ന ഈ സംഘടനയുടെ ഓഫീസ് പോലും നാഗ്പൂരിൽ ആയിരുന്നു സ്ഥാപിച്ചിരുന്നത്. സംഘടനയുടെ ഔദ്യോഗിക ലെറ്റർപാഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടവും ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ചങ്കൂർ ബാബ എന്ന ജമാലുദ്ദീന്റെ അടുത്ത കൂട്ടാളിയും മതപരിവർത്തന കേസിൽ അറസ്റ്റിലായ പ്രതിയുമായ ഈദുൽ ഇസ്ലാം ആണ് ഈ വ്യാജ സംഘടന നടത്തിവന്നിരുന്നത്. നിലവിൽ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) കസ്റ്റഡിയിലാണ് ഇയാൾ. എടിഎസ് അന്വേഷണത്തിന് പുറമേ, ലഖ്‌നൗവിലെ ഇഡിയുടെ സോണൽ ഓഫീസ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ചങ്കൂർ ബാബയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും ചുമത്തിയിട്ടുണ്ട്.
ഹിന്ദു സ്ത്രീകളും ലിബറൽ മതവിശ്വാസമുള്ള കുടുംബങ്ങളും ആയിരുന്നു ജമാലുദ്ദീന്റെയും കൂട്ടാളികളുടെയും പ്രധാന ലക്ഷ്യം. ആർഎസ്എസുമായി ബന്ധമുണ്ടെന്ന് തെറ്റായ ധാരണ സൃഷ്ടിക്കുന്നതിനായി സംഘടനയുടെ പേര് തന്ത്രപരമായി തിരഞ്ഞെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമായി നടത്തേണ്ടിവരുന്ന കൂടിക്കാഴ്ചകളിൽ ഇയാൾ ഈ വ്യാജ സംഘടനയുടെ പേര് ഉപയോഗിച്ചായിരുന്നു വിശ്വാസ്യത നേടിയിരുന്നത് എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.
Discussion about this post