മലപ്പുറം: സംസ്ഥാന സിലബസുകാര്‍ക്കുള്ള പ്ലസ്ടു പൊളിറ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ കേന്ദ്ര സര്‍ക്കാരിനെയുംസ മോദിയേയും വിലയിരുത്തുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യവും, കശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട ചോദ്യവും വിദ്യാര്‍ത്ഥികളില്‍ രാഷ്ട്രീയ ഭിന്നതയുണ്ടാക്കുന്നതിന്റെ ഭാഗമായാണെന്ന ആക്ഷേപമാണ് ഉയരുന്നത്. പ്ലസ്ടു പൊളിറ്റിക്‌സ് ഏഴാമത്തെയും പത്തൊന്‍പതാമത്തെയും ചോദ്യങ്ങളാണ് വിവാദമായത്.
നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യമിങ്ങനെ പ്രധാനമന്ത്രി ഇടക്കിടെ അമേരിക്ക സന്ദര്‍ശിക്കുന്നത് സ്വതന്ത്ര വിദേശനയത്തിന് വിപരീതമായാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം, വിശദീകരിക്കുക.
ഈ ചോദ്യത്തിന് ഒരു വിദ്യാര്‍ത്ഥിയ്ക്ക് എങ്ങനെ നിഷപക്ഷമായ ഉത്തരം എഴുതാനാകും എന്നതാണ് ആദ്യത്തെ ചോദ്യം. ഒരൊറ്റ ഉത്തരമില്ലാത്ത ചോദ്യത്തിന് എങ്ങനെ മാര്‍ക്കിടും, എന്തായിരിക്കും അധ്യാപകര്‍ക്ക് നല്‍കുന്ന സൂചികയിലെ ഉത്തരം എന്ന ചോദ്യവും ബാക്കിയാകുന്നു. മോദിയെ അനുകൂലിക്കുന്നവര്‍ക്കാണോ, എതിര്‍ത്ത് എഴുതിയവര്‍ക്കാണോ മാര്‍ക്ക് നല്‍കുക. മോദി വിരുദ്ധ രാഷ്ട്രീയമുള്ള അധ്യാപകനും, മോദിയെ പിന്തുണക്കുന്ന അധ്യാപകനും ഈ ചോദ്യത്തിനുള്ള ഉത്തരത്തോട് എങ്ങനെയാണ് പ്രതികരിക്കുക എന്നീ ചോദ്യങ്ങളും ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു. ചോദ്യപേപ്പര്‍ തയ്യാറാക്കിയവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് ഇതിലൂടെ പുറത്ത് വന്നതെന്ന് വ്യക്തം.
നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളില്‍ രാഷ്ട്രീയവിരോധം കുത്തിനിറയ്ക്കുകയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ ലക്ഷ്യമിടുന്നതെന്നും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ബന്ധപ്പെട്ടവര്‍ മറുപടി പറയണമെന്നും എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയം കേവലം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു തര്‍ക്കമല്ല. ഈ വിഷയത്തിന് ആഭ്യന്തരവും ബാഹ്യവുമായ തലങ്ങളുണ്ട്. ഈ തലങ്ങള്‍ കണ്ടെത്തി വിശകലനം ചെയ്യുക. എന്ന 19-ാമത്തെ ചോദ്യവും വിവാദത്തില്‍ ഇടംപിടിച്ച് കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന ഈ ചോദ്യങ്ങള്‍ ഗൂഢലക്ഷ്യത്തോടെയാണ് ചോദ്യപേപ്പറുകളില്‍ ഉള്‍ക്കൊള്ളിക്കുന്നതെന്നാണ് ആക്ഷേപം.
മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി എസ്എഫ്‌ഐ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ ആകൃഷ്ടരായവരാണോ ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന ചോദ്യവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
Discussion about this post