ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന കിരാന കുന്നുകളിൽ ഇന്ത്യ ആക്രമണം നടത്തി എന്ന് ഏറെ നാളായി നിലനിൽക്കുന്ന ഊഹോപോഹമാണ്. എന്നാൽ ഈ അഭ്യൂഹങ്ങളിൽ യാതൊരുവിധത്തിലുള്ള അനുകൂല പ്രതികരണവും ഇന്ത്യൻ സർക്കാർ ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ ഇന്ത്യ പുറത്ത് പറയുന്നില്ലെങ്കിലും കിരാനാ കുന്നുകളിൽ ഇന്ത്യ ആക്രമണം നടത്തി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ചില ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര ജിയോ-ഇന്റലിജൻസ് വിദഗ്ധൻ ഡാമിയൻ സൈമൺ എക്‌സിൽ പങ്കുവെച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ഇന്ത്യ കിരാന കുന്നുകളിൽ ആക്രമണം നടത്തിയിട്ടുണ്ട് എന്ന് അദ്ദേഹം ഉറപ്പിച്ചു വ്യക്തമാക്കുന്നത്. കിരാന കുന്നുകളിൽ വ്യോമാക്രമണം ഉണ്ടായതായും അതിന്റെ ആഘാതം നേരിട്ടതായും വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ ആണ് ഡാമിയൻ സൈമൺ പങ്കുവെച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കിരാന കുന്നുകളിലെ പാകിസ്താന്റെ ആണവ കേന്ദ്രത്തിൽ ചോർച്ച ഉണ്ടായതായി ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇന്ത്യ ഇക്കാര്യം നിഷേധിച്ചിരുന്നു.
ഇന്ത്യൻ ആക്രമണങ്ങൾക്ക് ദിവസങ്ങൾക്ക് ശേഷമുള്ള സർഗോധ വ്യോമതാവളത്തിന്റെ ചിത്രവും ഡാമിയൻ സൈമൺ എക്‌സിലെ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. റൺവേയിലെ രണ്ട് സ്ഥലങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നതായി ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. സർഗോധ വ്യോമതാവളത്തിന് വളരെ അടുത്താണ് പാകിസ്താൻ പ്രതിരോധ മന്ത്രാലയത്തിന്റെ അധികാരപരിധിയിൽ വരുന്ന കിരാന കുന്നുകൾ. ഈ രണ്ടു മേഖലയുടെയും നിലവിലെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ കിരാന കുന്നുകളിൽ ആക്രമണം നടത്തിയെന്ന് ഡാമിയൻ സൈമൺ വ്യക്തമാക്കുന്നത്. പാകിസ്താന്റെ ആണവ കേന്ദ്രം കിരാന കുന്നുകളിൽ ആണെന്നുള്ള കാര്യം ഇന്ത്യൻ സൈന്യത്തിന് അറിയുകയേ ഇല്ല എന്നായിരുന്നു ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ കെ ഭാരതി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നത്.
Discussion about this post