തിരുവനന്തപുരം : സംസ്ഥാനത്ത് വിജിലൻസ് പരിശോധനകൾ ശക്തമാക്കിയ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് ഡിജിറ്റൽ സംവിധാനങ്ങൾ വഴിയാക്കിയെന്ന് കണ്ടെത്തൽ. നിലവിൽ ഗൂഗിൾ പേ വഴിയാണ് പലരും കൈക്കൂലി വാങ്ങുന്നതെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിൽ ശനിയാഴ്ച വിജിലൻസ് മിന്നൽ പരിശോധന നടത്തി.
7 ലക്ഷത്തോളം രൂപയുടെ അഴിമതിയാണ് വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ഓഫീസ് പ്രവൃത്തിസമയം അവസാനിക്കുന്നതിന് ഏതാണ്ട് ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് 84 എംവിഡി ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധനയ്ക്കായി ഒരേ സമയം എത്തിയത്.
കൊച്ചി കാക്കനാട് ഓഫിസിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി വിജലൻസ് കണ്ടെത്തി. വാഹന ഡീലര്‍മാരും, ഡ്രൈവിങ് സ്കൂള്‍ ഉടമകളും ആണ് പണം കൈമാറിയിട്ടുള്ളവരിൽ ഭൂരിഭാഗവും. വിജിലൻസിന്റെ പരിശോധനയ്ക്കിടയിൽ മോട്ടോർ വാഹന വകുപ്പിനുള്ള കൈക്കൂലിയായി ഇടനിലക്കാർ കൊണ്ടുവന്ന ഒരു ലക്ഷത്തി നാല്പതിനായിരം രൂപയും പിടിച്ചെടുത്തു.
Discussion about this post