ധാക്ക : ബംഗ്ലാദേശിന്റെ വ്യോമസേന വിമാനം സ്കൂളിന് മുകളിലേക്ക് തകർന്നു വീണു. അപകടത്തിൽ 16 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ധാക്കയിലെ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജിന്റെ കെട്ടിടത്തിനു മുകളിലേക്ക് ആണ് വിമാനം തകർന്നുവീണത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്.
ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനമാണ് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് തകർന്നുവീണത്. എഫ്-7 ബിജിഐ ജെറ്റ് ഉച്ചയ്ക്ക് 1:06 ന് പറന്നുയർന്ന് ഉടൻ തന്നെ തകർന്നുവീണു. സ്കൂൾ പ്രവർത്തിച്ചിരുന്ന സമയമായതിനാൽ തന്നെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. 14 വിദ്യാർത്ഥികൾ ഉൾപ്പെടെ 16 പേർ മരിക്കുകയും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു എന്നാണ് ബംഗ്ലാദേശിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ഉടൻതന്നെ വിമാനത്തിൽ സ്ഫോടനം ഉണ്ടാവുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു. അപകടത്തിന്റെ ഇരകളായ വിദ്യാർത്ഥികളെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ ആണിത്. അപകടത്തിൽ നൂറിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി ബംഗ്ലാദേശിൽ നിന്നുള്ള മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
Discussion about this post