ന്യൂഡൽഹി : ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ രാജ്യത്തെ പല പരമ്പരാഗത വിഭവങ്ങൾക്കും വിപണിമൂല്യം ഉയരും. ഇവയിൽ പ്രധാനപ്പെട്ട ഒന്ന് ഇന്ത്യയുടെ പരമ്പരാഗത കരകൗശല ലഹരിപാനീയങ്ങൾ ആണ്. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാർ പ്രകാരം ഇന്ത്യയിലെ ഈ പരമ്പരാഗത ലഹരി പാനീയങ്ങൾക്ക് ഇനി യുകെയിലെ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി വിപണികളിൽ പ്രവേശനം ലഭിക്കും.
ഗോവയിലെ ഫെനി, കേരളത്തിലെ കള്ള്, നാസിക്കിലെ വൈനുകൾ എന്നിവ ഇനി വൈകാതെ തന്നെ യുകെയിലെ റീട്ടെയിൽ ഷോപ്പുകളിലും ലഭ്യമാകും. ഈ പാനീയങ്ങൾക്ക് ഭൂമിശാസ്ത്രപരമായ സൂചന (ജിഐ) സംരക്ഷണവും ലഭിക്കുന്നതാണ്. മദ്യ പാനീയ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ വലിയ നീക്കത്തിന്റെ ഭാഗമായുള്ള തീരുമാനമാണിത്. യുകെ പോലെയുള്ള വിദേശരാജ്യങ്ങളിൽ ജൈവ, പൈതൃക പാനീയങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള പരമ്പരാഗത ലഹരി പാനീയങ്ങളുടെ കയറ്റുമതിക്ക് വലിയ വിപണി തന്നെ ലഭിക്കാനാണ് സാധ്യത.
2023–24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മദ്യ കയറ്റുമതി 2,200 കോടി രൂപയായിരുന്നു. യുഎഇ, സിംഗപ്പൂർ, നെതർലാൻഡ്‌സ്, നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയാണ് ഇന്ത്യയുടെ പ്രധാന വിപണി. 2030 ആകുമ്പോഴേക്കും മദ്യ കയറ്റുമതിയിൽ 1 ബില്യൺ യുഎസ് ഡോളറിന്റെ വളർച്ച കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ജിൻ, ബിയർ, വൈൻ, റം എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ലഹരിപാനീയങ്ങൾക്ക് ആഗോള വിപണിയിൽ വലിയ സാധ്യതയുള്ളതാണ് കണക്കാക്കപ്പെടുന്നത്. ലഹരി പാനീയങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യക്ക് ഒരു പുതിയ ഊർജ്ജം നൽകാൻ ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാറിന് സാധിക്കും.
Discussion about this post