പാലക്കാട് : സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ പ്രതികരണവുമായി സൗമ്യയുടെ അമ്മ. ആരുടെയെങ്കിലും സഹായം ലഭിക്കാതെ ഇത്രയും വലിയ ജയിലില്‍ നിന്നും ചാടാന്‍ സാധിക്കില്ലെന്ന് സൗമ്യയുടെ അമ്മ സുമതി വ്യക്തമാക്കി. ഗോവിന്ദച്ചാമിയെ പിടികൂടിയതില്‍ ആശ്വാസമുണ്ട്. എങ്കിലും ജയിൽ ചാടിയതിനെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും സൗമ്യയുടെ അമ്മ ആവശ്യപ്പെട്ടു
ഒറ്റക്കയ്യനായ ഒരു കുറ്റവാളിക്ക് എങ്ങനെയാണ് ഇത്രയും വലിയ ജയിലിന്റെ മതിൽ ചാടാൻ കഴിയുന്നത് എന്നും സൗമ്യയുടെ അമ്മ സംശയമുന്നയിച്ചു. ജയിലിനകത്തു നിന്നാണോ സഹായം ലഭിച്ചത് എന്നുള്ള കാര്യം അറിയില്ല. അവനെ പിടികൂടാൻ കഴിയാതിരുന്നെങ്കിൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കാൻ പോലും കഴിയുന്നില്ല. എത്രയോ പെൺകുട്ടികൾ ക്രൂരതയ്ക്ക് ഇരയായേനെ. സൗമ്യയെ കേരളത്തിലെ ജനങ്ങൾ ഒരിക്കലും മറക്കില്ല. അതിനാൽ തന്നെ ഗോവിന്ദച്ചാമിയെ നാട്ടുകാർ തിരിച്ചറിയുമെന്നും പിടികൂടുമെന്നും ഉറപ്പുണ്ടായിരുന്നു. ഗോവിന്ദച്ചാമിയെ പിടികൂടിയ വാർത്ത വലിയ ആശ്വാസമായി എന്നും സൗമ്യയുടെ അമ്മ വെളിപ്പെടുത്തി.
പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മതിലിന്റെ മുകളിലെ കമ്പി വെച്ചുള്ള ഫെന്‍സിംഗ് വഴിയാണ് ഇയാൾ തുണി കെട്ടി മതിൽ ചാടി രക്ഷപ്പെട്ടത്. ഈ സമയത്ത് വൈദ്യുതി ഇല്ലാതിരുന്നത് ആണ് ഇതിന് സഹായകരമായത്. എങ്ങനെയാണ് കൃത്യസമയത്ത് വൈദ്യുതിയില്ലാതെ ആയത് എന്നുള്ള കാര്യം സംശയകരമാണ്. അർദ്ധരാത്രിക്ക് ശേഷം ഗോവിന്ദച്ചാമി ജയിൽ ചാടിയെങ്കിലും ജയിൽ അധികൃതർക്ക് ഈ വിവരം ലഭിക്കുന്നത് രാവിലെ 7 മണിക്കാണ് എന്നുള്ളതും സംശയം വർദ്ധിപ്പിക്കുന്നതാണെന്നാണ് പൊതുജനാഭിപ്രായം. അതീവ സുരക്ഷാ വീഴ്ചയാണ് ഗോവിന്ദച്ചാമയുടെ ജയിൽ ചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ സംഭവിച്ചിട്ടുള്ളത്.
Discussion about this post