ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ടീമിൽ വമ്പൻ മാറ്റങ്ങൾ വരുത്താൻ നായകൻ സൂര്യകുമാർ യാദവ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ദേവേന്ദ്ര പാണ്ഡെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രണ്ട് നിർണ്ണായക മാറ്റങ്ങളാണ് ഇന്ത്യൻ നിരയിൽ പ്രതീക്ഷിക്കുന്നത്.
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്താണ് ഇന്ത്യ ഈ മാറ്റങ്ങൾ വരുത്തുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ കൂടുതൽ പ്രഹരശേഷിയുള്ള താരങ്ങളെ ഉൾപ്പെടുത്താനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
അസുഖം ഭേദമായ ഓപ്പണർ അഭിഷേക് ശർമ്മ ഇന്നിറങ്ങുമെന്ന് ഏകദേശം ഉറപ്പായി. കഴിഞ്ഞ മത്സരത്തിൽ നമീബിയക്കെതിരെ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് ഇതോടെ സ്ഥാനം നഷ്ടമാകും. പവർപ്ലേ ഓവറുകളിൽ അതിവേഗം റൺസ് അടിച്ചുകൂട്ടാനുള്ള അഭിഷേകിന്റെ കഴിവിൽ ടീം വലിയ വിശ്വാസം അർപ്പിക്കുന്നു. പാകിസ്ഥാനെതിരെ മികച്ച റെക്കോഡുള്ള അഭിഷേകിന്റെ വരവ് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് വർദ്ധിപ്പിക്കും.
ബൗളിംഗ് നിരയിൽ അപ്രതീക്ഷിത മാറ്റത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗിന് പകരം ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ ഉൾപ്പെടുത്തിയേക്കും. കൊളംബോയിലെ പിച്ചിൽ സ്പിന്നർമാർക്ക് ലഭിക്കുന്ന മുൻതൂക്കം മുതലാക്കാനാണ് ഈ നീക്കം. പാക് ബാറ്റർമാരെ നിരന്തരം കുഴപ്പിക്കുന്ന കുൽദീപിന്റെ സാന്നിധ്യം മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്താൻ സഹായിക്കുമെന്ന് ടീം കരുതുന്നു.
അതേസമയം ഇന്നത്തെ മത്സരത്തിൽ റിങ്കു സിങിന് പകരം സഞ്ജു സാംസണെ ഫിനിഷിങ് റോളിൽ കളിപ്പിക്കണം എന്ന ആവശ്യം ഇതിനകം ശക്തമാണ്.












