ന്യൂഡൽഹി : ഇന്ന് ഇന്ത്യ കാർഗിൽ വിജയ് ദിവസിന്റെ 26-ാം വാർഷികം ആചരിക്കുകയാണ്. ഇന്ത്യൻ ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി കാർഗിൽ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും കാർഗിലിൽ വീര മൃത്യു വരിച്ച ധീര സൈനികർക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. 1999ൽ 84 ദിവസങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ഇന്ത്യ പാകിസ്താന് മേൽ നേടിയ വീര വിജയത്തിന്റെ സ്മരണയിലാണ് ഇന്ന് രാജ്യം.
ഇന്ത്യൻ സൈന്യത്തിലെ ധീരരായ സൈനികരുടെ അസാധാരണമായ വീര്യത്തിന്റെയും ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് ഇന്നത്തെ ദിവസമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കി. “കാർഗിൽ വിജയ് ദിവസ് ദിനത്തിൽ, മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് ഞാൻ എന്റെ ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിക്കുന്നു. ഈ ദിവസം നമ്മുടെ ജവാന്മാരുടെ അസാധാരണമായ വീര്യത്തെയും ധൈര്യത്തെയും ദൃഢനിശ്ചയത്തെയും പ്രതീകപ്പെടുത്തുന്നു. രാഷ്ട്രത്തിനായുള്ള അവരുടെ സമർപ്പണവും പരമമായ ത്യാഗവും പൗരന്മാരെ എന്നെന്നേക്കും പ്രചോദിപ്പിക്കും,” എന്ന് രാഷ്ട്രപതി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
ഇന്ത്യയുടെ സായുധ സേനയുടെ അതുല്യമായ ധൈര്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകീർത്തിച്ചു. മാതൃരാജ്യത്തിനുവേണ്ടി മരിക്കാനുള്ള സൈനികരുടെ മനോഭാവം ഭാവി തലമുറകൾക്കും പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. “രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച നമ്മുടെ സൈനികരുടെ അതുല്യമായ ധൈര്യവും വീര്യവും ഈ അവസരം രാജ്യത്തിന് ഓർമ്മിപ്പിക്കുന്നു. മാതൃരാജ്യത്തിനായി സ്വയം ത്യാഗം ചെയ്യാനുള്ള അവരുടെ മനോഭാവം എല്ലാ തലമുറകൾക്കും പ്രചോദനം നൽകും,” എന്ന് മോദി തന്റെ സന്ദേശത്തിൽ പറഞ്ഞു.
കാർഗിൽ വിജയ് ദിവസിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വീരമൃത്യു വരിച്ച ധീരജവാന്മാർക്കു ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിനുവേണ്ടി ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിൽ അസാധാരണമായ ധൈര്യവും, മനക്കരുത്തും, ദൃഢനിശ്ചയവും പ്രകടിപ്പിച്ച നമ്മുടെ ധീരജവാന്മാർക്കു ഞാൻ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്ന് രാജനാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യൻ സൈനികരുടെ വീരോചിതമായ പരിശ്രമങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുസ്മരിച്ചു. “കാർഗിൽ വിജയ് ദിവസ് ദിനത്തിൽ, മാതൃരാജ്യത്തിന്റെ പ്രതിരോധത്തിനായി ആത്യന്തിക ത്യാഗം ചെയ്ത എല്ലാ ധീരരായ വീരന്മാർക്കും ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. നിങ്ങളുടെ ത്യാഗത്തിനും സമർപ്പണത്തിനും രാഷ്ട്രം എന്നെന്നും കടപ്പെട്ടിരിക്കും” എന്ന് അമിത് ഷാ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.
Discussion about this post