മുംബൈ : 17 വർഷങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിലെ മലേഗാവ് സ്ഫോടനക്കേസിൽ വിധി പ്രസ്താവിച്ചു. സാധ്വി പ്രജ്ഞാസിങ് ഉൾപ്പെടെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. എൻഐഎ പ്രത്യേക കോടതി ആണ് വിധി പ്രസ്താവിച്ചത്.
സാധ്വി പ്രജ്ഞാ സിങ്, ലെഫ്റ്റനന്റ് കേണൽ പുരോഹിത് എന്നിവരുൾപ്പെടെയുള്ള ഏഴ് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റവിമുക്തരാക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
2008 സെപ്റ്റംബർ 29 ന് നാസിക്കിലെ മാലേഗാവ് പട്ടണത്തിലെ ഒരു പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം.
പ്രത്യേക എൻഐഎ ജഡ്ജി എകെ ലഹോട്ടി ആണ് വിധി പ്രസ്താവം നടത്തിയത്. പ്രതികളുടെ പങ്ക് വ്യക്തമാക്കാൻ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 7 പ്രതികളെയും വെറുതെ വിട്ടിരിക്കുന്നത്. വെറും സംശയം കൊണ്ട് കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ജഡ്ജി എ കെ ലഹോട്ടി പറഞ്ഞു. പ്രതികൾക്കെതിരായ ആരോപണങ്ങൾ സംശയാതീതമായി സ്ഥാപിക്കുന്ന ഒരു തെളിവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് കേസിൽ പ്രതിചേർത്തിട്ടുള്ള 7 പേരെയും വെറുതെ വിടുന്നതായി ജഡ്ജി വിധിച്ചു.
Discussion about this post