തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമും മെസ്സിയും ഈ വർഷം കേരളത്തിലെക്കില്ലെന്ന കാര്യം ഉറപ്പായി. സംസ്ഥാന കായിക മന്ത്രി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഈ ഒക്ടോബറില്‍ അർജന്റീന ഫുട്ബോൾ ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കും എന്നായിരുന്നു ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കായിക മന്ത്രി വ്യക്തമാക്കിയിരുന്നത്.
അര്‍ജന്റൈന്‍ ടീം എത്തുന്നതിനായുള്ള കരാറിന്റെ ആദ്യഗഡു നല്‍കിയിരുന്നതായും നേരത്തെ സംസ്ഥാന കായിക മന്ത്രി വ്യക്തമാക്കിയിരുന്നു.
അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സി ഈ വർഷം ഇന്ത്യയിൽ എത്തുന്നുണ്ട്. എന്നാൽ കേരളത്തിലേക്ക് മെസ്സി എത്തില്ല. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി നഗരങ്ങളില്‍ ആയിരിക്കും മെസ്സി സന്ദർശനം നടത്തുക. ഫുട്‌ബോള്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് വേണ്ടിയാണ് മെസ്സിയുടെ ഇന്ത്യ സന്ദർശനം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി തുടങ്ങിയ പ്രമുഖ കായികതാരങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കും.
14 വർഷങ്ങൾക്ക് ശേഷം അർജന്റീന ടീമും മെസ്സിയും ഇന്ത്യയിലേക്ക് വരുമെന്നുള്ള ആവേശത്തിലായിരുന്നു ഫുട്ബോൾ ആരാധകർ. നേരത്തെ 2011ലാണ് അർജന്റീന ടീമും മെസ്സിയും ഇന്ത്യയിൽ എത്തിയിരുന്നത്. അന്ന് കൊൽക്കത്തയിൽ ആയിരുന്നു അർജന്റീന ടീം എത്തിയിരുന്നത്. കൊല്‍ക്കത്തയിലെ സാള്‍ട്ട ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ ഒരു സൗഹൃദ മത്സരവും അന്ന് അർജന്റീന ടീം കളിച്ചിരുന്നു. എന്നാൽ കേരളത്തിലേക്കുള്ള അർജന്റീന ടീമിന്റെ വരവിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post