ന്യൂഡൽഹി : ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ പുതുതായി നിർമ്മിച്ച കർത്തവ്യ ഭവന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. വൈകുന്നേരം 6 മണിക്ക് കർത്തവ്യ പാതയിൽ നടക്കുന്ന പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. സെൻട്രൽ വിസ്റ്റ പദ്ധതി പ്രകാരം, കേന്ദ്ര മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കുമായി ആകെ 10 കെട്ടിടങ്ങൾ ആണ് കേന്ദ്രസർക്കാർ നിർമ്മിക്കുന്നത്. ഇതിൽ കർത്തവ്യ ഭവൻ -3 ആണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
പദ്ധതി പ്രകാരമുള്ള മുഴുവൻ കെട്ടിടങ്ങളുടെയും നിർമ്മാണം പൂർത്തിയായി പ്രവർത്തനം ആരംഭിച്ചാൽ, വാടക ഇനത്തിൽ ചെലവഴിക്കുന്ന 1500 കോടി രൂപ ലാഭിക്കാൻ കഴിയും. കർത്തവ്യ ഭവൻ-1, കർത്തവ്യ ഭവൻ-2 എന്നിവയും അടുത്ത മാസത്തോടെ പൂർത്തിയാകും. രണ്ടിന്റെയും പണി ഏതാണ്ട് അവസാന ഘട്ടത്തിലാണ്. നിർദ്ദിഷ്ട കർത്തവ്യ ഭവൻ 6 ഉം 7 ഉം 2026 ഒക്ടോബറോടെയും പൂർത്തിയാകും.
ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച കർത്തവ്യ ഭവൻ-3ൽ
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, എംഎസ്എംഇ മന്ത്രാലയം, പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് (ഡിഒപിടി), പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം/വകുപ്പ്, പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ (പിഎസ്എ) എന്നിവയുടെ ഓഫീസുകൾ ആയിരിക്കും പ്രവർത്തിക്കുക. ഏകദേശം 1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ അത്യാധുനിക ഓഫീസ് സമുച്ചയത്തിൽ രണ്ട് ബേസ്മെന്റുകളും ഏഴ് നിലകളുമുണ്ട്.
നിലവിൽ, നിരവധി പ്രധാന മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നത് 1950 കൾക്കും 1970 കൾക്കും ഇടയിൽ നിർമ്മിച്ച ശാസ്ത്രി ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ, നിർമ്മൻ ഭവൻ തുടങ്ങിയ പഴയ കെട്ടിടങ്ങളിലാണ്. എന്നാൽ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുമ്പോൾ സുരക്ഷിതവും ഐടി പ്രാപ്തവുമായ ജോലിസ്ഥലങ്ങൾ, സ്മാർട്ട് എൻട്രി സിസ്റ്റങ്ങൾ, ഇലക്ട്രോണിക് നിരീക്ഷണ, കമാൻഡ് സെന്ററുകൾ, സോളാർ പാനലുകൾ, സോളാർ വാട്ടർ ഹീറ്ററുകൾ, ഇ-വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ സവിശേഷതകൾ ലഭ്യമാകുന്നതാണ്. ഏകദേശം 1000 കോടി രൂപ ചിലവഴിച്ചാണ് കേന്ദ്രസർക്കാർ പദ്ധതിയിലെ എല്ലാ കെട്ടിടങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കുന്നത്.









Discussion about this post