തൃശ്ശൂർ : തൃശ്ശൂരിലെ വിവിധ കടൽത്തീര മേഖലകളിൽ കടൽ വെള്ളത്തിന് ചുവപ്പുനിറം കണ്ടെത്തിയതിൽ ആശങ്ക വേണ്ടെന്ന് കേരള ഫിഷറീസ് ആന്‍റ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്). തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ച് മുതല്‍ എറണാകുളം ജില്ലയിലെ പുതുവൈപ്പ് (വളപ്പ്) ബീച്ചു വരെയുള്ള പ്രദേശങ്ങളിലാണ് കടൽ വെള്ളത്തിന് വലിയ രീതിയിൽ ചുവപ്പ് നിറം കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ പരാതി അറിയിക്കുകയായിരുന്നു.
കടലിന്‍റെ ചുവപ്പ് നിറം ഒരു പ്രകൃതിദത്ത പ്രതിഭാസമാണെന്നാണ് കുഫോസ് വ്യക്തമാക്കുന്നത്. കടൽവെള്ളം ശേഖരിച്ച് പരിശോധിച്ച ശേഷം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കുഫോസ് അറിയിച്ചു. ഡിനോഫ്ലജിലാറ്റേ വിഭാഗത്തിൽപെടുന്ന നോക്ടിലൂക്ക എന്ന സൂക്ഷ്മ ജീവിയുടെ സാന്നിധ്യം കൂടിയ അളവിൽ ഈ മേഖലയിൽ നിന്നും ശേഖരിച്ച കടൽ വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രകാശം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരുതരം പ്ലവഗമാണ് നോക്ടിലൂക്ക. ഇവയുടെ കൂടിയ സാന്നിധ്യമാണ് കടൽ വെള്ളത്തിന് ചുവപ്പുനിറം ഉണ്ടാക്കുന്നത് എന്നും കുഫോസ് അറിയിച്ചു.
സാധാരണ രാത്രികാലങ്ങളിലാണ് നോക്ടിലൂക്ക മൂലം ഉണ്ടാകുന്ന നിറവ്യത്യാസം ശ്രദ്ധേയമായി കാണാൻ കഴിയുക. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ ജില്ലയിലെ ഏതാനും കടൽത്തീര മേഖലകളിൽ തിരമാലകൾക്ക് ഉൾപ്പെടെ ചുവപ്പ് നിറം കണ്ടെത്തിയതാണ് പ്രദേശവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നത്.









Discussion about this post