ന്യൂഡൽഹി : രാജ്യത്ത് ഉള്ളിവിലയിൽ ഉണ്ടാകുന്ന വർദ്ധനവ് നിയന്ത്രിക്കാനുള്ള നടപടിയുമായി കേന്ദ്രസർക്കാർ. വില സ്ഥിരപ്പെടുത്തുന്നതിനായി സെപ്റ്റംബർ മുതൽ 3 ലക്ഷം ടൺ ഉള്ളി സ്റ്റോക്ക് പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
സെപ്റ്റംബർ മുതൽ ഉള്ളി ബഫർ സ്റ്റോക്കിന്റെ കാലിബ്രേറ്റഡ് റിലീസ് ആരംഭിക്കുമെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
ഉത്സവ സീസൺ അടുക്കുമ്പോൾ പെട്ടെന്നുള്ള വിലക്കയറ്റം തടയുന്നതിനാണ് ഈ നടപടിയെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം അറിയിച്ചു. 2024–25 ൽ ഉൽപ്പാദനം ഉയർന്നതിനാൽ ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി എന്നിവയെല്ലാം താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കാൻ കഴിയും എന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി എന്നിവയുടെ വില ഈ മൺസൂൺ സീസണിൽ നിയന്ത്രണത്തിലാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ജൂലൈ അവസാനം മുതൽ വടക്കൻ, വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലുണ്ടായ കനത്ത മഴയുടെ ഫലമായി ഡൽഹിയിൽ തക്കാളി വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് ദീർഘകാല വിതരണ പ്രശ്‌നമല്ലെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ഹ്രസ്വകാല വിലയിലെ ചാഞ്ചാട്ടം ലഘൂകരിക്കുന്നതിനായി ഓഗസ്റ്റ് 4 മുതൽ നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആസാദ്പൂർ മണ്ടിയിൽ നിന്ന് തക്കാളി സംഭരണം ആരംഭിച്ചിട്ടുണ്ട്.









Discussion about this post