ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള തർക്കം അന്താരാഷ്ട്ര തലത്തിൽ പുതിയ യുദ്ധമുഖം തുറക്കുമോ എന്ന ആശങ്ക വർദ്ധിക്കുകയാണ്. “എനിക്ക് ഗ്രീൻലാൻഡ് കരാർ മാന്യമായ രീതിയിൽ തീർക്കാനാണ് താല്പര്യം. എന്നാൽ അത് നടന്നില്ലെങ്കിൽ കാര്യങ്ങൾ മറ്റൊരു രീതിയിൽ ചെയ്യേണ്ടി വരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.”നമ്മൾ ഇത് ചെയ്തില്ലെങ്കിൽ റഷ്യയോ ചൈനയോ ഗ്രീൻലാൻഡ് കൈവശപ്പെടുത്തും. അവരെ നമ്മുടെ അയൽക്കാരായി കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “500 വർഷം മുൻപ് അവരുടെ ഒരു ബോട്ട് അവിടെ വന്നു എന്നതിനർത്ഥം ഗ്രീൻലാൻഡ് അവരുടേതാണെന്നല്ല. നമ്മുടെ ബോട്ടുകളും അവിടെ പോയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാൻ അമേരിക്ക നടത്തിയ നീക്കങ്ങൾക്ക് പിന്നാലെയാണ് ഗ്രീൻലാൻഡ് വിഷയത്തിലും ട്രംപ് കടുപ്പിക്കുന്നത്.ഗ്രീൻലാൻഡിനെ വെറുതെ പാട്ടത്തിന് എടുക്കുന്നതിൽ അർത്ഥമില്ലെന്നും അത് സ്വന്തമായിരിക്കണമെന്നുമാണ് ട്രംപിന്റെ വാദം. “നമ്മുടെ ഉടമസ്ഥതയിലുള്ളതിനെ മാത്രമേ നമുക്ക് ശരിയായ രീതിയിൽ പ്രതിരോധിക്കാനാവൂ” – ട്രംപ് പറഞ്ഞു.
തങ്ങൾ വിൽപ്പനയ്ക്കുള്ളവരല്ലെന്ന് ഗ്രീൻലാൻഡ് ഭരണകൂടം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക ഗ്രീൻലാൻഡിലെ ഓരോ പൗരനും നേരിട്ട് പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, ഏത് വിധേനയും പരമാധികാരം സംരക്ഷിക്കുമെന്ന് ഡെന്മാർക്കും പ്രഖ്യാപിച്ചു കഴിഞ്ഞു. ഗ്രീൻലാൻഡിലെ ധാതു സമ്പത്തും ആർട്ടിക് മേഖലയിലെ തന്ത്രപ്രധാനമായ സ്ഥാനവുമാണ് അമേരിക്കയെ ഇവിടേക്ക് ആകർഷിക്കുന്നത്. ട്രംപിന്റെ ഈ ഭീഷണി യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.












Discussion about this post