ബംഗ്ലാദേശിലെ മതമൗലികവാദികൾക്കെതിരെയും ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിനെതിരെയും ആഞ്ഞടിച്ച് എഴുത്തുകാരി തസ്ലീമ നസ്രിൻ. നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (KLIBF) ‘സമാധാനത്തിനായി പുസ്തകം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തിന്റെ തലവൻ മുഹമ്മദ് യൂനുസ് മതതീവ്രവാദികളുമായി കൈകോർക്കുകയാണെന്നും സെക്കുലറിസത്തിന് അദ്ദേഹം ഭീഷണിയാണെന്നും തസ്ലീമ തുറന്നടിച്ചു.
മുഹമ്മദ് യൂനുസിന് ലഭിച്ച സമാധാന നൊബേലിനെ രൂക്ഷമായ ഭാഷയിലാണ് തസ്ലീമ വിമർശിച്ചത്.”കമ്മറ്റികൾ സർട്ടിഫിക്കറ്റ് നൽകുന്ന സമാധാനത്തിൽ എനിക്ക് വിശ്വാസമില്ല. ഹെൻറി കിസിഞ്ചറെപ്പോലെയുള്ളവർക്ക് സമാധാന സമ്മാനം നൽകിയ ചരിത്രമാണ് നൊബേൽ സമിതിയുടേത്. റോഹിങ്ക്യകൾ ആട്ടിയോടിക്കപ്പെട്ടപ്പോൾ നിശബ്ദത പാലിച്ച ഓങ് സാൻ സൂചിയും ഈ പട്ടികയിലുണ്ട്.” ബംഗ്ലാദേശിൽ വികസനത്തിന്റെ മുഖമായി ആഘോഷിക്കപ്പെടുന്നവർ പോലും അധികാരത്തിന് വേണ്ടി മാനവികതയെ ബലികഴിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ലജ്ജ (Lajja) എന്ന നോവലിന്റെ പേരിൽ തനിക്കെതിരെ ഫത്വ പുറപ്പെടുവിച്ച മതഭ്രാന്തന്മാർക്ക് തസ്ലീമ മറുപടി നൽകി. “അവർക്ക് എന്റെ വീട് നഷ്ടപ്പെടുത്താൻ കഴിഞ്ഞു, പക്ഷേ എന്റെ ശബ്ദം ഇല്ലാതാക്കാൻ കഴിഞ്ഞില്ല. മതം സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരെ സംസാരിക്കുന്നത് കുറ്റമാണെങ്കിൽ ആ കുറ്റം ഞാൻ തുടരും. ഭയത്തിലൂടെ നടപ്പിലാക്കുന്ന ‘ശ്മശാന നിശബ്ദത’യല്ല യഥാർത്ഥ സമാധാനം.”
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെയും കേരളത്തിലെ പരിഷ്കർത്താക്കളെയും തസ്ലീമ പ്രസംഗത്തിൽ സ്മരിച്ചു. ശ്രീനാരായണ ഗുരു, അയ്യങ്കാളി, ഇ.എം.എസ് തുടങ്ങിയവർ നയിച്ച പുരോഗമന ചിന്തകൾ കേരളത്തെ വേറിട്ടു നിർത്തുന്നുവെന്ന് അവർ പറഞ്ഞു. അനീതിക്കെതിരെ പോരാടാൻ കേരളം എക്കാലവും പ്രചോദനമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ മതേതരത്വവും സ്ത്രീ സുരക്ഷയും അയൽരാജ്യങ്ങളിലെ മതഭ്രാന്തന്മാർക്ക് എന്നും ഒരു പേടിസ്വപ്നമാണെന്ന ദേശീയ ചിന്താഗതിയെ ശരിവെക്കുന്നതായിരുന്നു തസ്ലീമയുടെ വാക്കുകൾ. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന ക്രൂരതകളെക്കുറിച്ച് അവർ വീണ്ടും ലോകത്തെ ഓർമ്മിപ്പിച്ചു.










Discussion about this post