ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ വൈകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിക്കാത്തതുകൊണ്ടാണെന്ന യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കിന്റെ പ്രസ്താവന തള്ളി വിദേശകാര്യ മന്ത്രാലയം. ലുട്‌നിക്കിന്റെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും 2025-ൽ മാത്രം മോദിയും ട്രംപും എട്ടുതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിനിടെയായിരുന്നു ലുട്‌നിക്കിന്റെ വിവാദ പരാമർശം. “ഞാൻ കരാറെല്ലാം സെറ്റ് ചെയ്തിരുന്നു. പക്ഷേ പ്രധാനമന്ത്രി മോദി നേരിട്ട് പ്രസിഡന്റിനെ വിളിക്കണമായിരുന്നു. എന്നാൽ അതിന് ഇന്ത്യ അസ്വസ്ഥത പ്രകടിപ്പിച്ചു. മോദി വിളിച്ചില്ല. അതുകൊണ്ട് ആ ട്രെയിൻ സ്റ്റേഷൻ വിട്ടുപോയി.” ഇന്ത്യയെ മറ്റ് ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്ത ലുട്‌നിക്, ഭാരതം അവസരം പാഴാക്കിയെന്നും പരിഹസിച്ചു.
2025-ൽ മാത്രം എട്ടു തവണയാണ് നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചത്. വിവിധ മേഖലകളിലെ സഹകരണം ഇരുവരും ചർച്ച ചെയ്തിട്ടുണ്ട്.2025 ഫെബ്രുവരി മുതൽ ഉഭയകക്ഷി വ്യാപാര കരാറിനായി ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. നിരവധി വട്ടം ചർച്ചകൾ നടന്നതായും പലപ്പോഴും കരാറിന്റെ തൊട്ടടുത്ത് വരെ എത്തിയതായും ഇന്ത്യ ഓർമ്മിപ്പിച്ചു. അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്ന സൂചനയും ഭാരതം നൽകി. ഇന്ത്യ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുന്ന, തുല്യനീതിയിലധിഷ്ഠിതമായ കരാറിനാണ് തങ്ങൾ താല്പര്യപ്പെടുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം ഉറപ്പാക്കുക എന്ന ദേശീയ താല്പര്യത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്.












Discussion about this post