ന്യൂഡൽഹി : പാർലമെന്റിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ചിനിടയിൽ എംപിമാർക്ക് ദേഹാസ്വാസ്ഥ്യം. വെയില് കൊണ്ടതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് സൂചന. മഹുവ മൊയ്‌ത്ര ഉൾപ്പെടെ പശ്ചിമ ബംഗാളിൽ നിന്നുള്ള രണ്ട് എംപിമാർ കുഴഞ്ഞുവീണു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധ മാർച്ച് അവസാനിപ്പിച്ചു.
ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണത്തിനും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ‘വോട്ടർ തട്ടിപ്പ്’ ആരോപണത്തിനും എതിരെ പ്രതിഷേധിച്ചാണ് ഇൻഡി സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തിയിരുന്നത്. പ്രതിപക്ഷ എംപിമാരുടെ മാർച്ച് പോലീസ് തടഞ്ഞു. ഇതിനിടെ ചില എംപിമാർ പോലീസ് ബാരിക്കേഡ് ചാടി കടക്കാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. മുൻകൂട്ടി അനുമതി വാങ്ങാതെയാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധ മാർച്ച് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് 30 പ്രതിപക്ഷ എംപിമാരെ അകത്തേക്ക് കടത്തിവിടാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. എന്നാൽ മുഴുവൻ എംപിമാരെയും ഉള്ളിലേക്ക് വിടണം എന്ന് പ്രതിപക്ഷം നിലപാട് കൈക്കൊള്ളുകയായിരുന്നു. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചതോടെ കമ്മീഷനുമായുള്ള കൂടിക്കാഴ്ച പ്രതിപക്ഷം ഉപേക്ഷിച്ചു. എംപിമാർ പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച് സംഘർഷം ഉണ്ടായതോടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
Discussion about this post