ശ്രീനഗർ : ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ പൗരനെ വെടിവെച്ചുവീഴ്ത്തി പിടികൂടി ഇന്ത്യൻ സൈന്യം. കത്വ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ നീക്കങ്ങൾ കണ്ടതിനെ തുടർന്ന് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) വെടിയുതിർക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ഹിരാനഗർ സെക്ടറിലെ ചന്ദ്‌വാൻ, കോതേ അതിർത്തി ഔട്ട്‌പോസ്റ്റുകൾക്കിടയിൽ നുഴഞ്ഞുകയറ്റക്കാരന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇരുട്ടിന്റെ മറവിലൂടെ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. സൈന്യം മുന്നറിയിപ്പ് നൽകിയെങ്കിലും അത് അവഗണിച്ചും ഇയാൾ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് വെടിവച്ചത്. തുടർന്ന് വെടിയേറ്റ് വീണ ഇയാളെ സൈന്യം പിടികൂടുകയായിരുന്നു.
പരിക്കേറ്റ നുഴഞ്ഞുകയറ്റക്കാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളും ലഭ്യമായിട്ടില്ല. ചികിത്സയ്ക്കുശേഷം ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സൈന്യം വ്യക്തമാക്കി.
Discussion about this post