ശ്രീനഗർ : ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) നേതാവ് യാസിൻ മാലിക്കിന്റെയും കൂട്ടാളികളുടെയും വീടുകളിൽ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐഎ) റെയ്ഡ്. എസ്‌ഐഎയും ജമ്മു കശ്മീർ പോലീസും ചേർന്നാണ് റെയ്ഡുകൾ നടത്തിയത്. 1990 ഏപ്രിലിൽ കശ്മീരി പണ്ഡിറ്റ് സരള ഭട്ടിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജെകെഎൽഎഫ് നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തുന്നത്.
35 വർഷങ്ങൾക്ക് മുമ്പ് കശ്മീരി പണ്ഡിറ്റുകൾ തങ്ങൾക്കെതിരായ അതിക്രമങ്ങളെത്തുടർന്ന് കൂട്ടത്തോടെ പലായനം ചെയ്യേണ്ടിവന്ന സംഭവത്തിന്റെ തുടക്കമായിരുന്നു സരള ഭട്ട് കൂട്ടബലാത്സംഗ കൊലപാതകം. 1990 ഏപ്രിലിൽ സൗറയിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ നഴ്സ് സരള ഭട്ടിന്റെ മൃതദേഹം പിന്നീട് ശ്രീനഗർ നഗരത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹബ്ബ ഖട്ടൂൺ ഹോസ്റ്റലിൽ നിന്ന് ജെകെഎൽഎഫ് ഭീകരർ ആണ് സരളയെ തട്ടിക്കൊണ്ടുപോയത്.
സരള ഭട്ട് ക്രൂരമായി കൊല്ലപ്പെടുന്നതിന് മുമ്പ് ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. വെടിയേറ്റ മുറിവുകളുള്ള അവരുടെ മൃതദേഹം പിന്നീട് ശ്രീനഗറിലെ ഒരു തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
“പോലീസ് ഇൻഫോർമന്റ്” എന്ന് മുദ്രകുത്തിയുള്ള ഒരു കുറിപ്പ് അവരുടെ മൃതശരീരത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. കശ്മീരി പണ്ഡിറ്റുകൾ താഴ്‌വര വിടുകയോ സർക്കാർ ജോലികൾ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന തീവ്രവാദികളുടെ ഉത്തരവുകൾ അവർ ലംഘിച്ചു എന്ന എന്ന കുറ്റമാണ് സരളയിൽ മുദ്രകുത്തപ്പെട്ടിരുന്നത്. കശ്മീരി പണ്ഡിറ്റ് ആയിരുന്നു എന്ന ഒറ്റ കാരണത്താലാണ് സരള ഭട്ടിനെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ഭീകരർ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
Discussion about this post