ന്യൂഡൽഹി : ഭാരതീയർക്ക് ദീപാവലി സമ്മാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലിയോട് അനുബന്ധിച്ച് രാജ്യത്ത് ജിഎസ്ടി നിരക്കുകളിൽ പുതിയ മാറ്റം വരുമെന്ന് മോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ദീപാവലിയിൽ ഞങ്ങൾ ഒരു വലിയ പരിഷ്കാരം വരുത്താൻ പോകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ജനങ്ങളുടെ നിത്യ ചെലവുകൾ ഇനി വിലകുറഞ്ഞതായി തീരും എന്നും മോദി വ്യക്തമാക്കി. ചെറുകിട, ഇടത്തരം വ്യാപാരികൾക്ക് ഏറെ ഗുണകരമാകുന്ന രീതിയിലാണ് പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കുക എന്നും പ്രധാനമന്ത്രി അറിയിച്ചു.
“കഴിഞ്ഞ എട്ട് വർഷമായി, ജിഎസ്ടിയിലൂടെ ഞങ്ങൾ നികുതി സമ്പ്രദായം ലളിതമാക്കി. എട്ട് വർഷത്തിന് ശേഷം, അത് പുനഃപരിശോധിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഞങ്ങൾ അത് പുനഃപരിശോധിച്ചു. സംസ്ഥാനങ്ങളുമായി സംസാരിച്ചു. അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ ഞങ്ങൾ കൊണ്ടുവരുന്നു. ഈ പരിഷ്കാരത്തോടെ നമ്മുടെ വ്യവസായങ്ങൾക്ക് വലിയ നേട്ടം ലഭിക്കും. ദൈനംദിന കാര്യങ്ങൾ വിലകുറഞ്ഞതായിത്തീരും, ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകും” എന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
“അടുത്ത തലമുറ ജിഎസ്ടി മാറ്റങ്ങൾ നടപ്പിലാക്കിയതിനുശേഷം, ഇത് നികുതി ഘടന ലളിതമാക്കുക മാത്രമല്ല, രാജ്യത്തുടനീളമുള്ള നികുതി ഭാരം കുറയ്ക്കുകയും ചെയ്യും. ചെറുകിട, ഇടത്തരം വ്യാപാരികളായിരിക്കും ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. വിപണിയിൽ കുറഞ്ഞ വിലയ്ക്ക് സാധനങ്ങളും സേവനങ്ങളും ലഭ്യമാകും. ഇതുമൂലം, അവരുടെ വിൽപ്പന വർദ്ധിക്കും. ഇത് സാധാരണ ജനങ്ങൾക്കും ഉപകാരപ്രദമായി തീരും” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post