ന്യൂഡൽഹി : 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ സ്വയംസേവക സംഘത്തെ പ്രശംസിച്ചു. ആർഎസ്എസ് നൂറാം വർഷത്തിലേക്ക് കടക്കുന്ന വേളയിലാണ് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്. സംഘം ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സംഘടനയാണെന്നും (എൻജിഒ) രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ നിർണായക ഭാഗമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ചെങ്കോട്ടയിൽ വച്ച് നടത്തുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ആർഎസ്എസിനെ കുറിച്ച് പരാമർശം നടത്തുന്നത് ഇത് ആദ്യമായാണ്. “ഇന്ന് ഞാൻ അഭിമാനത്തോടെ ഒരു കാര്യം പരാമർശിക്കാൻ ആഗ്രഹിക്കുന്നു. 100 വർഷങ്ങൾക്ക് മുമ്പ്, ഒരു സംഘടന പിറന്നു – രാഷ്ട്രീയ സ്വയംസേവക സംഘം. സംഘത്തിലെ ആളുകൾ 100 വർഷമായി രാഷ്ട്രത്തെ സേവിക്കുന്നു. വ്യക്തിഗത വികസനത്തിലൂടെ രാഷ്ട്രനിർമ്മാണത്തിന്റെ ദൃഢനിശ്ചയത്തോടെ, മാ ഭാരതിയുടെ ക്ഷേമം ലക്ഷ്യമാക്കി 100 വർഷമായി മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി സംഘത്തിലെ ആളുകൾ തങ്ങളുടെ ജീവിതം സമർപ്പിച്ചു. കഴിഞ്ഞ 100 വർഷത്തിനിടെ നിരവധി രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് സംഘം വിശദമായ സംഭാവനകൾ നൽകി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ എൻജിഒയാണ് ആർഎസ്‌എസ്” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സേവനം, സമർപ്പിതമായ സംഘടന, അതുല്യമായ അച്ചടക്കം എന്നിവയാണ് ആർഎസ്‌എസിന്റെ വ്യക്തിത്വമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “ഇന്ന് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന്, ആർഎസ്എസിന്റെ 100 വർഷത്തെ യാത്രയിൽ സംഭാവന നൽകിയ സന്നദ്ധപ്രവർത്തകരെ പൂർണ്ണ ആദരവോടെ ഓർമ്മിക്കാൻ ആഗ്രഹിക്കുന്നു. ഈ മഹത്തായതും സമർപ്പിതവുമായ യാത്ര നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. സംഘത്തിന്റെ ഈ യാത്രയിൽ രാജ്യം അഭിമാനിക്കുന്നു” എന്നും മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പറഞ്ഞു.
Discussion about this post