ന്യൂഡൽഹി : കോൻ ബനേഗ ക്രോർപതി സീസൺ 17 ന്റെ സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡ് വെള്ളിയാഴ്ച രാത്രി സംപ്രേഷണം ചെയ്യും. ഇന്ത്യൻ സായുധസേനയിലെ 3 ഉന്നത വനിത ഓഫീസർമാരാണ് ഇത്തവണത്തെ കോൻ ബനേഗ ക്രോർപതി എപ്പിസോഡിൽ പങ്കെടുക്കുന്നത്. ഇവരിൽ രണ്ടുപേർ ഇന്ത്യൻ ജനതയ്ക്ക് വളരെ സുപരിചിതരാണ്. എന്നാൽ എപ്പിസോഡിന്റെ ട്രെയിലറുകൾ പുറത്തുവന്നതിൽ പിന്നെ എല്ലാ ഭാരതീയരും ഒരേ സ്വരത്തിൽ അന്വേഷിക്കുന്ന ഒരു വ്യക്തിയുണ്ട്. അതാണ് കമാൻഡർ പ്രേരണ ദേവ്സ്ഥലി.
ഓപ്പറേഷൻ സിന്ദൂറിന്റെ ആസൂത്രണത്തെയും നിർവ്വഹണത്തെയും കുറിച്ചുള്ള വിവരണങ്ങൾ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഇത്തവണ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള കെബിസി എപ്പിസോഡ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ആർമിയിലെ കേണൽ സോഫിയ ഖുറേഷി, ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡർ വ്യോമിക സിംഗ്, ഇന്ത്യൻ നാവികസേനയിലെ കമാൻഡർ പ്രേരണ ദേവ്സ്ഥലി എന്നിവരാണ് സ്വാതന്ത്ര്യദിന സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുക്കുന്നത്.
ഇന്ത്യൻ നാവിക യുദ്ധക്കപ്പൽ കമാൻഡർ ചെയ്യുന്ന ആദ്യ വനിത എന്ന ബഹുമതി നേടിയ വ്യക്തിത്വമാണ് പ്രേരണ ദേവ്സ്ഥലി. മുംബൈയിൽ ജനിച്ച പ്രേരണ ജീസസ് ആൻഡ് മേരി കോൺവെന്റിൽ നിന്ന് ബിരുദം നേടിയ ശേഷം മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ഇന്ത്യൻ സൈന്യത്തിലേക്ക് എത്തുന്നത്. 2009-ൽ ഇന്ത്യൻ നാവികസേനയുടെ വ്യോമയാന ശാഖയിൽ ഒരു നിരീക്ഷകയായി ചേർന്ന അവർ, TU-142 സമുദ്ര നിരീക്ഷണ വിമാനത്തിലെ ആദ്യത്തെ വനിതാ നിരീക്ഷകയാകുന്നത് മുതൽ, P-8I വിമാനത്തിൽ നിർണായക ദൗത്യങ്ങൾ പറത്തുന്നത് വരെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കി. ഐഎൻഎസ് ചെന്നൈ എന്ന യുദ്ധക്കപ്പലിൽ ഫസ്റ്റ് ലെഫ്റ്റനന്റായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post