തിരുവനന്തപുരം : സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നിട്ടാണെന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പുസ്തകത്തിലെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം. എസ്‍സിഇആര്‍ടിയുടെ കൈപ്പുസ്തകത്തിൽ ആണ് ഈ അതീവ ഗുരുതര പരാമർശം ഉണ്ടായിരിക്കുന്നത്. സംസ്ഥാന സിലബസിലെ നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായുള്ള അധ്യാപകര്‍ക്ക് നൽകുന്ന കൈപ്പുസ്തകത്തിലാണ് ഇത്തരം ഒരു ഗുരുതര പിഴവ് വന്നിരിക്കുന്നത്.
“കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായിരുന്ന സുഭാഷ് ചന്ദ്ര ബോസ് പിന്നീട് കോൺഗ്രസിൽ നിന്നും രാജിവെച്ച് ഫോര്‍വേഡ് ബ്ലോക്ക് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജര്‍മ്മനിയിലേക്ക് പലായനം ചെയ്ത അദ്ദേഹം പിന്നീട് ഇന്ത്യൻ നാഷണൽ ആര്‍മി എന്ന സൈന്യസംഘടന രൂപീകരിച്ച് ബ്രിട്ടനെതിരെ പോരാടി” എന്നായിരുന്നു എസ്‍സിഇആര്‍ടി പുറത്തിറക്കിയ പുസ്തകത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സുപ്രധാന പങ്ക് വഹിച്ച സുഭാഷ് ചന്ദ്രബോസിനെ അവഹേളിക്കുന്ന തരത്തിലാണ് എസ്‍സിഇആര്‍ടി പുസ്തകം പുറത്തിറക്കിയിരുന്നത്.
പുസ്തകം ലഭിച്ച അധ്യാപകര്‍ തന്നെയാണ് ഈ പരാമർശം സംബന്ധിച്ച് എസ്‍സിഇആര്‍ടിയെ അറിയിച്ചത്. വിവാദമായതോടെ എസ്‍സിഇആര്‍ടി പുസ്തകം തിരിച്ചുവിളിച്ച് പരാമർശം തിരുത്തി. തുടര്‍ന്ന് കൈപ്പുസ്തകം തിരുത്തി പുതിയ പുസ്തകം പുറത്തിറക്കി. ഗുരുതര പിഴവ് സംഭവിച്ചതിൽ അന്വേഷണം ആരംഭിച്ചതായി എസ്‍സിഇആര്‍ടി അറിയിച്ചു.
Discussion about this post