കൊൽക്കത്ത : വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ ‘ദി ബംഗാൾ ഫയൽസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിംഗ് ചടങ്ങിനിടെ സംഘർഷം. കൊൽക്കത്ത പോലീസ് ലോഞ്ചിംഗ് ചടങ്ങ് തടഞ്ഞു. ഉച്ചയ്ക്ക് 12 മണിക്ക് റിലീസ് ചെയ്യേണ്ടിയിരുന്ന ട്രെയിലർ ലോഞ്ചിംഗ് പിന്നീട് ഒരു മണിക്കൂർ വൈകിയാണ് നടത്താനായത്. ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിനു ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി ബംഗാൾ ഫയൽസ്’.
എതിർ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണ് ബംഗാൾ പോലീസ് നടത്തുന്നത് എന്ന് വിവേക് അഗ്നിഹോത്രി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് കൊൽക്കത്ത പോലീസിന് ഇത്തരം സംഘർഷങ്ങൾ സൃഷ്ടിക്കേണ്ടി വന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു. ട്രെയിലർ പ്രദർശിപ്പിക്കേണ്ട ഏറ്റവും വലിയ മൾട്ടിപ്ലക്സ് ശൃംഖലകളിൽ ഒന്ന് രാഷ്ട്രീയ സമ്മർദ്ദം ഉള്ളതിനാൽ അത് ചെയ്യാൻ കഴിയില്ലെന്നും അവർ അത് ചെയ്താൽ രാഷ്ട്രീയ പ്രക്ഷോഭം ഉണ്ടാകുമെന്നും പറഞ്ഞതായും സംവിധായകൻ വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.
ബംഗാളിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിൽ, അതിന്റെ ട്രെയിലറും ഇവിടെ റിലീസ് ചെയ്യണമെന്ന് തങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു എന്നും സംവിധായകൻ സൂചിപ്പിച്ചു. രാഷ്ട്രീയ സമ്മർദ്ദം മൂലം ട്രെയിലർ ലോഞ്ചിങ്ങിന് തിയേറ്റർ ഉടമകൾ തയ്യാറാവാതിരുന്നതോടെ പകരം ഹോട്ടലിലെ ബാങ്ക്വറ്റ് ഹാളിലാണ് ട്രെയിലർ റിലീസ് ചെയ്തത്. ഇത്തരം ഒരു കാര്യം ആദ്യമായാണ് സംഭവിക്കുന്നത്. ഇതിനകം തന്നെ ബംഗാൾ സർക്കാർ തനിക്കെതിരെ നിരവധി കേസുകൾ എടുക്കുന്നുണ്ട്. ബംഗാൾ സർക്കാർ എന്തിനെയാണ് ഇങ്ങനെ ഭയക്കുന്നത് എന്നും വിവേക് അഗ്നിഹോത്രി ചോദ്യമുന്നയിച്ചു.
Discussion about this post