കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കുടിയേറ്റ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ വീതം ധനസഹായം നൽകുമെന്നാണ് മമതയുടെ വാഗ്ദാനം. തൊഴിൽ ലഭിക്കുന്നത് വരെ ഈ ധനസഹായം തുടരുമെന്നും മമത അറിയിച്ചു.
ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികളെ കേന്ദ്രസർക്കാർ അനാവശ്യമായി ലക്ഷ്യം വെക്കുന്നുണ്ടെന്നും മമത അഭിപ്രായപ്പെട്ടു. പല സംസ്ഥാനങ്ങളും ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികളെ സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങൾ ആണ് കേന്ദ്രസർക്കാർ നടത്തുന്നത് എന്നും മമത ബാനർജി കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാരിന്റെ വേട്ടയാടൽ കാരണം ഏകദേശം 22 ലക്ഷം കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബങ്ങളും ദുരിതത്തിലാണ് എന്നും മമത സൂചിപ്പിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് കുടിയേറ്റ തൊഴിലാളികളുടെ പുനരധിവാസത്തിനായി ഒരു പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പുതിയ പദ്ധതി പ്രകാരം കുടിയേറ്റ തൊഴിലാളികൾക്ക് ഒരു വർഷത്തേക്ക് അല്ലെങ്കിൽ അവർക്ക് തൊഴിൽ ലഭിക്കുന്നത് വരെ എല്ലാ മാസവും അയ്യായിരം രൂപ നൽകുമെന്നാണ് മമത ബാനർജി പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post