കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരം കോഴിക്കോടിനെ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്. ദിവസങ്ങൾക്കു മുൻപാണ് കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 9 വയസ്സുകാരി മരിച്ചിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ മറ്റു രണ്ടുപേർക്കും കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. മൂന്നുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനും ഒരു യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗബാധയുള്ള ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാഴ്ചയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവിക്കുന്നത്.
വീട്ടിലെ കിണർ വെള്ളത്തിൽ നിന്നുമാണ് രോഗബാധ ഉണ്ടായത്. കുഞ്ഞിൻ്റെ വീട്ടിലെ കിണർ വെള്ളത്തിൽ രോഗത്തിന് കാരണമായ അമീബയുടെ സാന്നിധ്യം കണ്ടെത്തി. സമീപപ്രദേശങ്ങളിലെ കിണറുകൾ ശുചീകരിക്കാനും അണുവിമുക്തമാക്കാനുമുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കിണറുകളും മറ്റ് ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം ആരോഗ്യവകുപ്പ് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നുണ്ട്.
Discussion about this post