കേരളത്തിലെ ഒരു പ്രമുഖ യുവ രാഷ്ട്രീയ നേതാവിൽ നിന്നും ദുരനുഭവം ഉണ്ടായതായി വെളിപ്പെടുത്തി നടി റിനി ആൻ ജോർജ്. തന്റെ സിനിമയുമായി ബന്ധപ്പെട്ട ഒരു ചാനൽ ഇന്റർവ്യൂവിൽ ആയിരുന്നു റിനിയുടെ വെളിപ്പെടുത്തൽ. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവിൽ ഏതാനും മാസങ്ങൾക്കു മുൻപാണ് സംഭവം ഉണ്ടായതെന്നും നടി വെളിപ്പെടുത്തി. വിവാദമായതോടെ മാധ്യമപ്രവർത്തകരുമായി റിനി കൂടിക്കാഴ്ച നടത്തി. യുവ നേതാവിന്റെ പേര് വെളിപ്പെടുത്തുന്നത് കൊണ്ട് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ‘ഹു കെയെർസ്’ എന്നത് മാത്രമാണ് ആറ്റിറ്റ്യൂഡ് എന്നും റിനി ആൻ ജോർജ് വ്യക്തമാക്കി.
യുവ നേതാവിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ‘ഹു കെയെർസ്’ എന്ന പ്രസ്താവന റിനി നിരന്തരം ആവർത്തിച്ചു. എപ്പോഴും ‘ഹു കെയെർസ്’ എന്ന ആറ്റിറ്റ്യൂഡ് ഇടുന്ന ആളാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ആ നേതാവിനെ താൻ പരിചയപ്പെട്ടത്. മോശം സന്ദേശങ്ങൾ അയക്കുകയും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷമാണ് അയാൾ ജനപ്രതിനിധി ആയത്. തന്നോട് മാത്രമായിരിക്കും ഇയാൾ ഇങ്ങനെ പെരുമാറുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇപ്പോൾ ഇയാളെക്കുറിച്ച് നിരവധി ആരോപണങ്ങൾ കേൾക്കുന്നതിനാൽ താൻ തുറന്നു പറയുകയാണ്. തന്നെപ്പോലെ മറ്റു പലർക്കും ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ടാകാം എന്നും നടി വെളിപ്പെടുത്തി. എന്നാൽ ആ യുവ നേതാവ് എംഎൽഎ ആണോ? രാഹുൽ മാങ്കൂട്ടത്തിൽ ആണോ? എന്നിങ്ങനെയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ‘നോ കമന്റ്സ്’ എന്നാണ് റിനി മറുപടി നൽകിയത്.
മോശം പെരുമാറ്റം ഉണ്ടായപ്പോൾ യുവ നേതാവിനെ താൻ ശാസിച്ചു നിർത്തി. പരാതിപ്പെടും എന്നു പറഞ്ഞപ്പോൾ ആരോട് വേണമെങ്കിലും പരാതിപ്പെട്ടോളൂ എന്നാണ് നേതാവ് പറഞ്ഞത്. ആ പ്രസ്ഥാനത്തിനോടും അതിലെ മറ്റു ചില നേതാക്കളോടും ബഹുമാനമുള്ളതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല. എന്നെക്കാൾ മോശം അനുഭവം ഉണ്ടായിട്ടുള്ളവർ പരാതിപ്പെടട്ടെ. ഇത്രയും ജനസംഖ്യയുള്ള ഒരു നാട്ടിൽ നിന്നും ഇലക്ഷനിൽ ഒരാളെ തിരഞ്ഞെടുക്കുമ്പോൾ അയാളുടെ സ്വഭാവത്തെക്കുറിച്ച് കൂടി ജനങ്ങൾ ബോധവാന്മാരാകണമെന്നും റിനി സൂചിപ്പിച്ചു. നേരത്തെ നൽകിയ അഭിമുഖത്തിൽ ഈ അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിൽ ചില വിവാദങ്ങളിൽ നിറഞ്ഞുനിന്ന യുവ നേതാവ് ആണെന്ന് റിനി വെളിപ്പെടുത്തിയിരുന്നു. ഈ നേതാവിൽ നിന്നും നിരവധി തവണ അശ്ലീല സന്ദേശങ്ങൾ ഉൾപ്പെടെ ലഭിച്ചു എന്നാണ് നടി വ്യക്തമാക്കുന്നത്. എന്നാൽ നേതാവിനെതിരെ പരാതിപ്പെടാൻ ആരും തയ്യാറാകുന്നില്ല. പാർട്ടിയിൽ പരാതിപ്പെട്ടാൽ പോലും ഈ യുവനേതാവിന്റെ അതേ രീതിയിൽ ‘ഹു കെയെർസ്’ എന്നതാണ് സമീപനം എന്നും റിനി ആൻ ജോർജ് വെളിപ്പെടുത്തുന്നു.
Discussion about this post