ന്യൂയോർക്ക് : ലോകത്തിന്റെ തന്നെ ഏറ്റവും പ്രിയപ്പെട്ട ജഡ്ജി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. യുഎസിലെ സെലിബ്രിറ്റി ജഡ്ജിയും സോഷ്യൽ മീഡിയ താരവുമായിരുന്ന അദ്ദേഹത്തിന് 88 വയസ്സായിരുന്നു. പാൻക്രിയാറ്റിക് കാൻസറിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന പരിപാടിയുടെ അവതാരകനെന്ന നിലയിലാണ് അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തി നേടിയത്. കോടതിമുറിയിലെ കാരുണ്യത്തിനും നർമ്മത്തിനും പ്രശസ്തനായിരുന്നു അദ്ദേഹം. കോടതിമുറിയിൽ എത്തുന്നവരോടുള്ള ദയയോടെയുള്ള പെരുമാറ്റത്തിലൂടെ അദ്ദേഹത്തിന് ‘ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി’ എന്ന വിശേഷണം ലഭിച്ചു.
സമൂഹമാധ്യമങ്ങളിലും അദ്ദേഹം പ്രശസ്തനായിരുന്നു. ജഡ്ജ് ഫ്രാങ്ക് കാപ്രിയോയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 3.4 മില്യൺ ആളുകളായിരുന്നു അദ്ദേഹത്തെ ഫോളോ ചെയ്തിരുന്നത്. ടെലിവിഷൻ ജീവിതം ആരംഭിക്കുന്നതിന് മുമ്പ്, തന്റെ ജന്മനാടായ റോഡ് ഐലൻഡിലെ പ്രൊവിഡൻസിൽ ആയിരക്കണക്കിന് കേസുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് താൻ വീണ്ടും ആശുപത്രിയിൽ തിരിച്ചെത്തിയെന്നും തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും ജഡ്ജ് ഫ്രാങ്ക് കാപ്രിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഒരു വീഡിയോയിലൂടെ തന്റെ ആരാധകരോട് അറിയിച്ചിരുന്നു.
Discussion about this post