ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ, 2025ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ ഓൺലൈൻ ഗെയിമിംഗ് ബിൽ നിയമമായി മാറി. ഈ നിയമം അനുസരിച്ച്, ഓൺലൈൻ മണി ഗെയിമുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
400-ലധികം ഓൺലൈൻ റിയൽ മണി ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ബാധകമാകും. ഇ-സ്പോർട്സ്, സോഷ്യൽ ഗെയിമുകൾ എന്നിവയ്ക്ക് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ പണം ഉപയോഗിച്ച് കളിക്കുന്ന എല്ലാ ഓൺലൈൻ ഗെയിമുകൾക്കും നിരോധനം ബാധകമാകും. ഓൺലൈൻ ഫാന്റസി സ്പോർട്സും ഓൺലൈൻ ലോട്ടറികളും നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
റിയൽ മണി ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ, പ്രമോഷനുകൾ, ബാങ്കുകൾ അല്ലെങ്കിൽ പേയ്‌മെന്റ് ആപ്പുകൾ വഴിയുള്ള ഇടപാടുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നത് പരമാവധി 3 വർഷം തടവും ഒരു കോടി രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്. പരസ്യം നൽകിയാൽ രണ്ട് വർഷം തടവും 50 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ 3 മുതൽ 5 വർഷം വരെ തടവും 2 കോടി രൂപ വരെ പിഴയും ആണ് ശിക്ഷ.
അതേസമയം ഇ-സ്പോർട്സിന് നിയമാനുസൃത കായിക ഇനത്തിന്റെ പദവി ലഭിക്കും. പരിശീലന അക്കാദമികൾ, ഗവേഷണം, ഔദ്യോഗിക മത്സരങ്ങൾ എന്നിവയെ സർക്കാർ പിന്തുണയ്ക്കും.
Discussion about this post