ന്യൂഡൽഹി : മൂന്നുദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഫിജി പ്രധാനമന്ത്രി സിതിവേനി ലിഗമമാഡ റബുക്ക ന്യൂഡൽഹിയിൽ എത്തി. കേന്ദ്രമന്ത്രി സുകാന്ത മജുംദാർ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വാഗതം ചെയ്തു. വിവിധ മേഖലകളിൽ ഇന്ത്യ-ഫിജി പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് റബുക്കയുടെ സന്ദർശന ലക്ഷ്യം.
ഫിജി പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം വൈവിധ്യമാർന്ന മേഖലകളിലെ ഇന്ത്യ-ഫിജി പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുമെന്ന് വിദേശ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. സിതിവേനി ലിഗമമാഡ റബുക്കയുടെ ആദ്യ ഇന്ത്യാ സന്ദർശനം ആണിത്. കുടുംബത്തോടൊപ്പം ആണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത്. ഓഗസ്റ്റ് 25 ന്, രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ച ശേഷം റബുക്ക ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം വിവിധ ധാരണ പത്രങ്ങളും കരാറുകളും ഒപ്പുവയ്ക്കും. വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വർദ്ധിപ്പിക്കുക എന്നുള്ളതാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും അദ്ദേഹം സന്ദർശിക്കും. ഓഗസ്റ്റ് 26 ന് അദ്ദേഹം ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് സംഘടിപ്പിക്കുന്ന സപ്രു ഹൗസിൽ ഒരു പ്രഭാഷണം നടത്തുന്നതാണ്.
Discussion about this post