തിരുവനന്തപുരം : ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിത എസ്ഐമാർ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ഐപിഎസ് ഉദ്യോഗസ്ഥൻ മോശം സന്ദേശങ്ങൾ അയക്കുന്നതായാണ് വനിത എസ്ഐമാർ പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ പൊലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫ് അന്വേഷണം നടത്തും.
നിലവിൽ പൊലീസ് ആസ്ഥാനത്ത് വുമൺ കംപ്ലൈൻ്റ് സെൽ അധ്യക്ഷയാണ് കേസ് അന്വേഷണ ചുമതലയുള്ള എസ്‌പി മെറിൻ ജോസഫ്.
വനിതാ എസ്ഐമാരുടെ പരാതിയിൽ മൊഴിയെടുത്ത ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നൽകിയ ശുപാർശ പ്രകാരമാണ് മെറിൻ ജോസഫിനെ അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്. പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ഡിഐജി ശുപാർശ ചെയ്തിട്ടുള്ളത്.
ഐപിഎസ് ഉദ്യോഗസ്ഥനെതിരായ വനിത എസ്ഐമാരുടെ പരാതിയെ തുടർന്ന് അതീവ രഹസ്യമായായിരുന്നു ഡിഐജി അജിത ബീഗം പ്രാഥമിക അന്വേഷണം നടത്തിയിരുന്നത്. രണ്ട് വനിത എസ്ഐ മാരാണ് പരാതി നൽകിയിരുന്നത്. തെക്കൻ ജില്ലകളിലൊന്നിൽ മുൻപ് ജില്ലാ പൊലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഐപിഎസ് ഉദ്യോഗസ്ഥൻ. നിലവിൽ ഈ ഉദ്യോഗസ്ഥൻ തിരുവനന്തപുരത്ത് പൊലീസ് സേനയിൽ ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ്.
Discussion about this post