ന്യൂഡൽഹി : ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായ ബി സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന് കത്തെഴുതി കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇരകൾ. കമ്മ്യൂണിസ്റ്റ് ഭീകരവാദികളുടെ വിവിധ ആക്രമണങ്ങളിൽ അംഗവൈകല്യം സംഭവിച്ചവർ ഉൾപ്പെടെയാണ് പ്രതിപക്ഷ പാർട്ടികളോട് സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കരുത് എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് നക്സൽ ആക്രമണങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമായത് ബി സുദർശൻ റെഡ്ഡിയുടെ നിലപാടുകൾ ആണെന്നും കത്തിൽ സൂചിപ്പിക്കുന്നു.
സാൽവ ജുദും അവസാനിപ്പിക്കാനുള്ള ബി സുദർശൻ റെഡ്ഡിയുടെ തീരുമാനം നക്സൽ അക്രമം പുനരാരംഭിക്കുന്നതിലേക്ക് നയിച്ചതായി ഇരകൾ ആരോപിച്ചു. കാങ്കറിലെ ചാർഗാവിലെ ഡെപ്യൂട്ടി സർപഞ്ചായിരുന്ന സിയാറാം രാംടെകെയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷത്തിന് കത്ത് നൽകിയിരിക്കുന്നത്. സാൽവ ജുദും പിരിച്ചുവിടാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിനുശേഷം നക്സലൈറ്റുകൾ അക്രമം വർദ്ധിപ്പിച്ചു. തന്നെ തുടർച്ചയായി വെടിവച്ച ശേഷം മരിച്ചു എന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴും ശാരീരിക വൈകല്യമുള്ള ഒരാളുടെ ജീവിതമാണ് നയിക്കുന്നത്. സാൽവ ജുദം പിരിച്ചുവിട്ടിരുന്നില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദം വളരെക്കാലം മുമ്പേ അവസാനിച്ചേനെ എന്ന് എന്നെപ്പോലെ ആയിരക്കണക്കിന് ആളുകൾ വിശ്വസിക്കുന്നു എന്നും അദ്ദേഹം പ്രതിപക്ഷത്തിന് എഴുതിയ കത്തിൽ വിവരിക്കുന്നു.
ഐഇഡി സ്ഫോടനത്തിൽ കാൽ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ അമ്മാവനും രക്ഷിതാവുമായ അശോക് ഗണ്ഡമിയും പ്രതിപക്ഷത്തിനോട് ഇതേ ആവശ്യം ഉന്നയിച്ചു. ആദിവാസി ജനതയുടെ കഷ്ടപ്പാടുകൾ കണക്കിലെടുക്കാതെ നക്സൽ അനുഭാവികളുടെ അഭ്യർഥന സ്വീകരിച്ചാണ് മുൻ ജഡ്ജ് ബി സുദർശൻ റെഡ്ഡി സാൽവ ജുദും പിരിച്ചുവിടാൻ തീരുമാനിച്ചത്. ഇടതുപക്ഷ ഭീകരവാദം വലിയതോതിൽ കുറഞ്ഞുവന്ന ഒരു സമയത്ത് ആയിരുന്നു ഈ തീരുമാനം. സുപ്രീംകോടതിയുടെ ആ വിധിക്ക് പിന്നാലെ കമ്മ്യൂണിസ്റ്റ് ഭീകരർ വീണ്ടും ശക്തമായി തിരിച്ചുവരുകയും നിരവധി ആക്രമണങ്ങൾ നടത്തുകയും ചെയ്തു എന്നും അശോക് ഗണ്ഡമി പ്രതിപക്ഷത്തിന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു. ഈ ഇടതുപക്ഷ ഭീകരവാദത്തിന്റെ ഇരകൾ എന്ന നിലയ്ക്ക് തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും പ്രതിപക്ഷ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായ ബി സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കരുത് എന്നുമാണ് കമ്യൂണിസ്റ്റ് ഭീകരതയുടെ ഇരകൾ അറിയിക്കുന്നത്.
Discussion about this post