ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി അധികാരത്തിലേറുന്ന ബിഎൻപി സർക്കാർ ഇന്ത്യയുമായി പുതിയൊരു അധ്യായം തുടങ്ങാൻ ആഗ്രഹിക്കുന്നതായി സൂചന. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നതെന്ന് താരിഖ് റഹ്മാന്റെ മുഖ്യ ഉപദേശകനും അന്താരാഷ്ട്ര കാര്യങ്ങളുടെ ചുമതലക്കാരനുമായ ഹുമായൂൺ കബീർ വ്യക്തമാക്കി. കേവലം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാര-നിക്ഷേപ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ കാലത്ത് ഇന്ത്യയുമായുണ്ടായിരുന്ന ബന്ധം ഒരു പ്രത്യേക വ്യക്തി കേന്ദ്രീകൃതമായിരുന്നുവെന്നും അതിൽ നിന്നും മാറി സുതാര്യമായ നയതന്ത്ര ബന്ധമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ബിഎൻപി വക്താവ് ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ പാകിസ്താനിലേക്ക് രാജ്യം കൂടുതൽ അടുക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളെ ഹുമായൂൺ കബീർ തള്ളി. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ ബന്ധമാണ് ലക്ഷ്യം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കങ്ങളിൽ ഒരു പക്ഷം ചേരാൻ ബംഗ്ലാദേശ് ആഗ്രഹിക്കുന്നില്ല. ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള സൗഹൃദമായിരിക്കും ഇനി ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരമേറ്റ ശേഷം താരിഖ് റഹ്മാൻ നടത്തുന്ന വിദേശ സന്ദർശനങ്ങളിൽ ഇന്ത്യ മുൻഗണനാ പട്ടികയിൽ ഉണ്ടാവുമെന്നും എന്നാൽ സമയക്രമം ഇപ്പോൾ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു കാത്തിരിപ്പിന് ശേഷമുള്ള രാഷ്ട്രീയ മാറ്റമാണിത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലപ്പോഴും പാക് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന ആശങ്ക ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ താരിഖ് റഹ്മാന്റെ തിരിച്ചുവരവിനെ ‘ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസത്തോടെ’യാണ് ഇന്ത്യ നോക്കിക്കാണുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ താരിഖ് റഹ്മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് ഈ നയതന്ത്ര ചുവടുമാറ്റത്തിന്റെ സൂചനയാണ്. മുൻപ് ബിഎൻപി അധികാരത്തിലിരുന്നപ്പോൾ ഇന്ത്യ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകൾക്ക് ബംഗ്ലാദേശ് മണ്ണിൽ സഹായം ലഭിച്ചിരുന്നു എന്ന ചരിത്രം ഇന്ത്യയ്ക്ക് മുന്നിലുണ്ട്. എന്നാൽ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും പ്രാദേശിക സുസ്ഥിരതയും പരിഗണിക്കുമ്പോൾ താരിഖ് റഹ്മാൻ കൂടുതൽ പ്രായോഗികമായ നിലപാടുകൾ സ്വീകരിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
അയൽരാജ്യമെന്ന നിലയിൽ ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സമാധാനവും ഇന്ത്യയ്ക്ക് പ്രധാനമാണ്. ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുന്നത് പുതിയ സർക്കാരുമായുള്ള ചർച്ചകളിൽ നിർണ്ണായകമായേക്കാം. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കും വഴിതുറക്കും.












