ന്യൂഡൽഹി : ആശുപത്രി നിർമാണങ്ങളിൽ നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജിന്റെ വീട് ഉൾപ്പെടെ 13 സ്ഥലങ്ങളിൽ ഇ ഡി റെയ്ഡ്. ആം ആദ്മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ സൗരഭ് ഭരദ്വാജിന്റെ ഡൽഹിയിലെ വീട്ടിലാണ് ഇ ഡി പരിശോധന നടത്തിയത്.
2018-19 ൽ ഡൽഹി സർക്കാർ 24 ആശുപത്രികളുടെ നിർമ്മാണത്തിനായി 5,590 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. ഐസിയു ഉൾപ്പെടെയുള്ള ഈ ആശുപത്രികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതായിരുന്നു, എന്നാൽ മൂന്ന് വർഷത്തിന് ശേഷവും നിർമ്മാണം പൂർത്തിയായിട്ടില്ല. ഈ ആശുപത്രി നിർമാണങ്ങളുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള അഴിമതി നടന്നിട്ടുള്ളതായാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. ആശുപത്രി നിർമാണത്തിന്റെ മറവിൽ 5000 കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നു എന്നാണ് ഇ ഡി വ്യക്തമാക്കുന്നത്.
എൽഎൻജെപി ആശുപത്രിയുടെ ചെലവ് 488 കോടിയിൽ നിന്ന് 1,135 കോടി രൂപയായി ഉയർന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല എന്ന് ഇ ഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 800 കോടി രൂപ ചെലവഴിച്ചിട്ടും 50 ശതമാനം പണി മാത്രമേ പൂർത്തിയായിട്ടുള്ളൂ. പല സ്ഥലങ്ങളിലും ശരിയായ അനുമതികളില്ലാതെയാണ് നിർമ്മാണം ആരംഭിച്ചത്, കരാറുകാരുടെ പങ്ക് സംശയാസ്പദമായി മാറിയിരിക്കുന്നു, എന്നും ഇ ഡി വ്യക്തമാക്കുന്നു. കേസിൽ ഇ ഡി കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Discussion about this post