ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നത് സൂക്ഷിച്ചുവേണമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി രാജ്യത്തെ മുൻനിര സാമ്പത്തിക വിദഗ്ധനായ റിച്ചാർഡ് വുൾഫ്. ഐക്യരാഷ്ട്ര സംഘടനയുടെ അഭിപ്രായത്തിൽ ഇന്ത്യ ഇപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ രാജ്യമാണ്. ഇന്ത്യ എന്തുചെയ്യണമെന്ന് യുഎസ് പറയുന്നത് ആനയെ എലി മുഷ്ടിചുരുട്ടി ഇടിക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.
യുഎസ് ഇന്ത്യയുമായുള്ള ബന്ധം വിച്ഛേദിച്ചാൽ ഇന്ത്യ തങ്ങളുടെ കയറ്റുമതി നടത്താൻ മറ്റു രാജ്യങ്ങൾ കണ്ടെത്തുകയും, ഈ നീക്കം ബ്രിക്സ് രാജ്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും റിച്ചാർഡ് വുൾഫ് പറഞ്ഞു. ഇന്ത്യ ഇനി യുഎസിലേക്ക് കയറ്റുമതി നടത്തില്ല. മറിച്ച് ബ്രിക്സിലെ മറ്റു രാജ്യങ്ങളിലേക്കാകും സാധനങ്ങൾ വിൽക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസിന്റെ ഇത്തരം നടപടികൾ പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരായ സാമ്പത്തിക ബദലായിമാറാൻ ബ്രിക്സിന് സഹായകമാകും. ഇത് അമേരിക്കൻ താൽപര്യങ്ങളേത്തന്നെയാണ് ദോഷകരമായി ബാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈന, ഇന്ത്യ, റഷ്യ, ബ്രിക്സ് എന്നിവ പരിഗണിച്ചാൽ ഈ രാജ്യങ്ങളുടെ ഉത്പാദനം ലോകത്തിന്റെ ആകെ ഉത്പാദനത്തിന്റെ 35 ശതമാനമാണ്. അമേരിക്ക ഉൾപ്പെട്ട പടിഞ്ഞാറൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 രാജ്യങ്ങളുടേത് 28 ശതമാനമാണെന്നും വൊൾഫ് പറഞ്ഞു.
Discussion about this post