ടോക്യോ : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ എത്തി. 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി കൂടിക്കാഴ്ച നടത്തുന്നതുമാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിന്റെ ലക്ഷ്യം. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ടോക്യോയിൽ ഇന്ത്യൻ സമൂഹം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. 11 വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ എട്ടാമത്തെ ജപ്പാൻ സന്ദർശനമാണിത്. വ്യാപാരം, നിക്ഷേപം, ശുദ്ധ ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവയിൽ നിലവിൽ മികച്ച സഹകരണമാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ളത്. 2023-24ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 22.8 ബില്യൺ യുഎസ് ഡോളറായിരുന്നു. നിലവിൽ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വിദേശ നിക്ഷേപ സ്രോതസ്സാണ് ജപ്പാൻ.
പ്രധാനമന്ത്രി മോദിയുടെ ജപ്പാൻ സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിവിധ വിഷയങ്ങളിൽ യുഎസുമായുള്ള സംഘർഷങ്ങൾക്കിടയിലുള്ള സുരക്ഷയുടെ വിഷയത്തിലായിരിക്കും. സാമ്പത്തിക, സുരക്ഷ സഹകരണം ശക്തമാക്കുന്നതുമായ ബന്ധപ്പെട്ട വിവിധ കരാറുകളിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ജപ്പാൻ പ്രധാനമന്ത്രിയും ഒപ്പുവയ്ക്കുന്നതാണ്. ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സമൃദ്ധി, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായ ക്വാഡ് സഖ്യവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രധാനമന്ത്രി നടത്തുന്നതാണ്. ടോക്കിയോയിൽ മോദി ജാപ്പനീസ് ബിസിനസ്സ് നേതാക്കളുമായും രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
ജപ്പാൻ സന്ദർശനത്തിന് ശേഷം, ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) സമ്മേളനത്തിനായി മോദി ചൈനയിലേക്കും പോകും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരം ടിയാൻജിനിൽ നടക്കുന്ന യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. സമ്മേളനത്തിന് പുറമെ പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും നേരിട്ട് കണ്ടു ചർച്ചകൾ നടത്തും.
Discussion about this post