ടോക്യോ : രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് ഒരു വിശിഷ്ട സമ്മാനം സമ്മാനിച്ചിരിക്കുകയാണ് പ്രമുഖ ജാപ്പനീസ് ബുദ്ധമത ആചാര്യൻ റവ. സെയ്ഷി ഹിരോസ്. ടോക്കിയോയിലെ ഏറെ പ്രശസ്തമായ ഷോറിൻസാൻ ദരുമ-ജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനാണ് അദ്ദേഹം . വെള്ളിയാഴ്ച ജപ്പാനിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭാഗ്യത്തിന്റെ പ്രതീകമായ പരമ്പരാഗത ജാപ്പനീസ് പാവയായ ദരുമ പാവയാണ് അദ്ദേഹം സമ്മാനിച്ചത്.
ദരുമ പാവ എന്നത് സെൻ ബുദ്ധമത പാരമ്പര്യത്തിന്റെ സ്ഥാപകനായ ബോധിധർമ്മനെ അടിസ്ഥാനമാക്കിയുള്ള ജാപ്പനീസ് പരമ്പരാഗത പാവയാണ്. സാധാരണയായി ചുവപ്പ് നിറത്തിലും ഇന്ത്യൻ സന്യാസിയായ ബോധിധർമ്മനെ ചിത്രീകരിക്കുന്നതുമാണ് ഈ പാവകൾ. ജാപ്പനീസ് സംസ്കാരത്തിൽ, ഇത് സ്ഥിരോത്സാഹത്തിന്റെയും നവീകരണത്തിന്റെയും ആത്മീയ ഏകാഗ്രതയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ‘7 തവണ വീണാൽ 8 തവണ എഴുന്നേൽക്കുക’ എന്നാണ് ഈ പാവയെ കുറിച്ചുള്ള ജാപ്പനീസ് ശൈലി.
ദരുമ പാവകൾ ഭാഗ്യം കൊണ്ടു വരുമെന്നാണ് ജാപ്പനീസ് ബുദ്ധമത വിശ്വാസം. ഇവിടുത്തെ ബുദ്ധമത വിശ്വാസികൾ ഏതെങ്കിലും ഒരു ലക്ഷ്യത്തിന് പുറപ്പെടുന്നതിനു മുൻപ് സമ്മാനിക്കുന്നവയാണ് ദരുമ പാവകൾ. രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.
Discussion about this post